Connect with us

Kerala

കരിപ്പൂര്‍: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂരില്‍ വിദേശത്തു നിന്ന് എത്തുന്ന പ്രവാസികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സി ബി ഐ അറസ്റ്റ് ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍. കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ബിഹാര്‍ സ്വദേശി ശത്രുഘ്‌നന്‍ കുമാര്‍ (26), സീനിയര്‍ ഹവില്‍ദാര്‍ പാലക്കാട് സുരേഷ് കുമാര്‍ (54) എന്നിവരാണ് അറസ്റ്റിലായത് .ക്രിസ്മസ് ദിനത്തില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ടെലിവിഷന്‍ സെറ്റിനു ഇറക്കുമതി ചുങ്കം ഒഴിവാക്കി കൊടുക്കുന്നതിന് 150 ദിര്‍ഹം കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവരെ കൈയോടെ പിടികൂടുന്നത് .
12 മണിക്കൂര്‍ നേരത്തെ പരിശോധനയില്‍ കണക്കില്‍പെടാത്ത ഒന്നേകാല്‍ ലക്ഷം രൂപക്കുള്ള വിദേശ കറന്‍സിയും വിദേശ മദ്യ കുപ്പികളും സി ബി ഐ സംഘം ഇവരില്‍ നിന്ന് കണ്ടെടുത്തിരുന്നു.
ക്രിസ്മസ് ദിനത്തില്‍ കൂടുതല്‍ പേര്‍ അവധിയായതിനാല്‍ കുറഞ്ഞ ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളൂ.
യാത്രക്കാരില്‍ നിന്ന് വിദേശ കറന്‍സി ബലമായി പിടിച്ചു വാങ്ങുന്നതായുള്ള പരാതി നേരത്തെ സി ബി ഐക്ക് ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്നാണ് സൂചന.
കരിപ്പൂരില്‍ ഒരു മാസം മുമ്പ് 10 കിലോ സ്വര്‍ണം കടത്തിയ കേസില്‍ തിരുവനന്തപുരം സ്വദേശി പിടിയിലായിരുന്നു.
ഇവര്‍ക്ക് കടത്ത് സ്വര്‍ണം പുറത്ത് കടത്തുന്നതിന് സഹായിച്ച കേസില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനും കരാര്‍ തൊഴിലാളി ചേലേമ്പ്ര സ്വദേശിയും അറസ്റ്റിലായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ടും അതോറിറ്റി ഉദ്യോഗസ്ഥന്റെ പാലക്കാട് വീട്ടിലും കരാര്‍ തൊഴിലാളിയുടെ ചേലേമ്പ്രയിലെ വീട്ടിലും സി ബി ഐ പരിശോധന നടത്തിയിരുന്നു.

Latest