Connect with us

International

പാക് ഗോത്രമേഖലയില്‍ വീണ്ടും സൈനിക ആക്രമണം; 55 മരണം

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത് പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പാക് വ്യോമസേനയും കരസേനയും നടത്തിയ ആക്രമണത്തില്‍ 55 തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
പെഷാവറിലെ സ്‌കൂളില്‍ താലിബാന്‍ തീവ്രവാദികള്‍ 150 പേരെ കൊലപ്പെടുത്തിയ ക്രൂരതയെത്തുടര്‍ന്ന് സൈന്യം തീവ്രവാദികള്‍ക്കെതിരായ നീക്കം ശക്തമാക്കിയിരിക്കുകയാണ്. അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഗോത്രമേഖലയിലെ തീവ്രവാദികളുടെ ഒളിസങ്കേതങ്ങള്‍ ലക്ഷ്യമാക്കിയാണ് സൈന്യം ആക്രമണം നടത്തിയത്. ആക്രമണ സമയത്ത് തീവ്രവാദികള്‍ യോഗം ചേരുകയായിരുന്നുവെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
ഇവിടെ സൈന്യം നടത്തിയ ആക്രമണത്തില്‍ 16 തീവ്രവാദികള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നും പ്രസ്താവനയില്‍ പറയുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ട് തീവ്രവാദികളെ ഇവിടെനിന്നും സൈന്യം പിടികൂടിയിട്ടുണ്ട്. നാല് സൈനികര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
സൈന്യം നടത്തിയ മറ്റൊരു ആക്രമണത്തില്‍ രണ്ട് വിമത കമാന്‍ഡര്‍മാരുള്‍പ്പെടെ 39 പേരും വെള്ളിയാഴ്ച കൊല്ലപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ തീവ്രവാദികളുടെ ആയുധപ്പുരയും നശിപ്പിച്ചതായി സൈനിക വക്താവ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനം നിഷേധിച്ചതിനാല്‍ നാശനഷ്ടം സംബന്ധിച്ച കണക്കുകള്‍ ലഭ്യമല്ല.
അതേസമയം, ഖൈബര്‍ പാഖ്തുന്‍ഖ്വയില്‍ പ്രാദേശിക പത്രപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിലും പോലീസിനെ ആക്രമിച്ചതിലും പ്രതിയായ പ്രധാന താലിബാന്‍ കമാന്‍ഡറെ പിടികൂടിയതായി പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ആറ് മാസക്കാലമായി സൈന്യം അഫ്ഗാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷ ബാധിത ഗോത്ര മേഖലയില്‍ താലിബാനെതിരായ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. സൈനിക നടപടിക്കിടെ 1,700 തീവ്രവാദികള്‍ കൊല്ലപ്പെട്ടപ്പോള്‍ 126 സൈനികര്‍ക്കും ജീവന്‍ നഷ്ടമായതായി സൈന്യം വ്യക്തമാക്കി. ഖൈബര്‍ ഗോത്രമേഖലയില്‍ വ്യാഴാഴ്ച സൈന്യവുമായുണ്ടായ ഏറ്റ് മുട്ടലില്‍ പെഷാവര്‍ സ്‌കൂള്‍ കൂട്ടക്കുരുതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച താലിബാന്‍ കമാന്‍ഡറും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഖൈബര്‍ ഗോത്ര പ്രദേശമായ ജംറൂദ് നഗരത്തില്‍ പാകിസ്ഥാന്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് സദ്ദാം എന്ന് വിളിക്കപ്പെടുന്ന കമാന്‍ഡറെ വധിച്ചത്.
പെഷാവര്‍ ആക്രമണം ഉള്‍പ്പടെ നിരവധി സ്‌ഫോടനക്കേസുകളില്‍ താലിബാന്റെ ബുദ്ധികേന്ദ്രമായിരുന്നു സദ്ദാമെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നത്. പെഷാവര്‍ സ്‌ഫോടനത്തിന് ശേഷം ഇയാള്‍ തീവ്രവാദികളുടെ ശക്തി കേന്ദ്രങ്ങളായ ഗോത്ര മേഖലകളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു.