Connect with us

Gulf

അനധികൃതമായി സഊദിയില്‍ തങ്ങിയ 62,514 വിദേശികളെ പുറത്താക്കി

Published

|

Last Updated

റിയാദ്: അനധികൃതമായി രാജ്യത്ത് തങ്ങിയ 62,514 വിദേശികളെ കഴിഞ്ഞ മാസം സഊദി സര്‍ക്കാര്‍ നാടുകടത്തി. രാജ്യത്തെ തൊഴില്‍ കമ്പോളം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സഊദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആവശ്യമായ രേഖകളില്ലാതെ വിവിധ പ്രവേശന കവാടങ്ങളിലൂടെ രാജ്യത്ത് കടക്കാന്‍ ശ്രമിച്ച 17,740 വിദേശികളെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.
അനധികൃതമായി രാജ്യത്ത് താമസിച്ചു വന്ന വിദേശികളെ പിടികൂടി വിവിധ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇവരെയാണ് കഴിഞ്ഞ മാസം നാടുകടത്തിയത്. സ്വദേശത്തേക്ക് മടങ്ങാന്‍ പണമില്ലാത്തവര്‍ക്ക് വിമാന യാത്രാ കൂലി നല്‍കി. പല വിദേശികള്‍ക്കും അവരുടെ രാജ്യത്തെ എംബസികള്‍ സഹായം നല്‍കിയിരുന്നു. കിഴക്കന്‍ പ്രവിശ്യയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 101,302 അനധികൃത ജോലിക്കാരെ അറസ്റ്റ് ചെയ്തതായി പ്രവിശ്യാ വക്താവ് കേണല്‍ അബ്ദുല്‍ വഹാബ് അല്‍റുഖൈത്തി പറഞ്ഞു. ദമ്മാം, അല്‍തുഖ്ബ, അല്‍അഹ്‌സ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഹജ്ജ്, ഉംറ , വിസിറ്റ് വിസകളിലെത്തി അനധികൃതമായി രാജ്യത്ത് തങ്ങിയ 35,744 വിദേശികളെ കഴിഞ്ഞ ഒക്‌ടോബറിന് ശേഷം പിടികൂടിയിരുന്നു. അതേസമയം, അനധികൃത താമസക്കാരെ പിടികൂടാന്‍ റിയാദിലെ വിവിധ ഭാഗങ്ങളില്‍ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ നേതൃത്വത്തില്‍ റെയ്ഡുകള്‍ തുടരുകയാണ്. തൊഴില്‍ രഹിതരായ സ്വദേശികള്‍ക്ക് ജോലി നല്‍കുകയും തൊഴില്‍ വിപണി ശുദ്ധീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് സഊദി സര്‍ക്കാര്‍ അനധികൃതതാമസക്കാര്‍ക്കെതിരെ നടപടി ഊര്‍ജിതപ്പെടുത്തിയത്. അബ്ദുല്ല രാജാവ് നല്‍കിയ പൊതുമാപ്പ് കാലയളവിനുള്ളില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കും ജോലിയെടുക്കുന്നവര്‍ക്കും രേഖകള്‍ ശരിയാക്കാനുള്ള അവസരം നല്‍കിയിരുന്നു.

Latest