താമരശ്ശേരി ബിഷപ്പുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

Posted on: December 27, 2014 9:43 am | Last updated: December 28, 2014 at 12:01 am

oommen chandy താമരശ്ശേരി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തി. കോടഞ്ചേരിയില്‍ നടക്കുന്ന കാര്‍ഷിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി ബിഷപ്പിനെ കണ്ടത്. സര്‍ക്കാറിന്റെ മദ്യ നയത്തിനെതിരെ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെ സി ബി സി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ കൂടിയായ താമരശ്ശേരി ബിഷപ്പുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. രാവിലെ 8.50 ഓടെ കോടഞ്ചേരി ഫൊറോന ചര്‍ച്ചിലെത്തിയ മുഖ്യമന്ത്രി ബിഷപ്പിനൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. ശേഷം പതിനഞ്ചുമിനുറ്റോളം അടച്ചിട്ട മുറിയില്‍ ബിഷപ്പുമായി സംസാരിച്ചു. യു ഡി എഫ് സര്‍ക്കാറിന്റെ മദ്യനയം സംബന്ധിച്ച് കെ സി ബി സി യെ ബോധ്യപ്പെടുത്താനായോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന,് എല്ലാ കാര്യങ്ങളും സംസാരിച്ചുവെന്നും വിവരങ്ങള്‍ പറയാനാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കൂടിക്കാഴ്ചയില്‍ പൂര്‍ണ തൃപ്തനാണെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ തീരുമാനങ്ങള്‍ എടുത്തത്. മദ്യനയത്തില്‍ നിന്നും ഒരുവിധത്തിലും പുറകോട്ടു പോകുന്നില്ല. പ്രഖ്യാപിച്ച മദ്യനയം ഫലപ്രദമായി നടപ്പാക്കുന്നതിന് വേണ്ടിയാണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്. മദ്യനിരോധന രംഗത്ത് ഏറ്റവും സുപ്രധാന തീരുമാനം എടുത്തത് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയായിരുന്നു. ചാരായം നിരോധിച്ചപ്പോള്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചു. ചാരായത്തേക്കാള്‍ ദോഷം കുറഞ്ഞ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ലഭ്യമാക്കേണ്ടി വന്നു. ആ സമീപനം വിജയിച്ചതിനാല്‍ ഇപ്പോള്‍ ചാരായം കാണാനില്ല. പത്ത് വര്‍ഷം കൊണ്ട് മദ്യം പൂര്‍ണമായും നിര്‍ത്തലാക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. ചില പ്രായോഗിക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അത് പരിഹരിക്കാനുള്ള തീരുമാനങ്ങളാണ് ഇപ്പോള്‍ എടുത്തിരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മദ്യനയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകുന്നു എന്നാരോപിച്ചാണ് കെ സി ബി സി സമരം പ്രഖ്യാപിച്ചത്. ഒന്നാം ഘട്ടത്തില്‍ കോഴിക്കോട്ട് നില്‍പ്പു സമരം സംഘടിപ്പിച്ചു. സമരവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിനിടെയാണ് കെ സി ബി സി മദ്യനിരോധന സമിതി അധ്യക്ഷന്‍ കൂടിയായ ബിഷപ്പുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.