National
സര്‍ക്കാര്‍ രൂപവത്കരണം: പി ഡി പി ആശയക്കുഴപ്പത്തില്‍

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി ഡി പി സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പത്തില്‍. സര്‍ക്കാര്‍ രൂപവത്കരണത്തിന് ബി ജെ പിയും കോണ്‍ഗ്രസും പി ഡി പിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ ആശയത്തിലുറച്ച് നിന്നുകൊണ്ട് സര്‍ക്കാര്‍ രൂപവത്കരണം നടത്തണമെന്നാണ് പാര്‍ട്ടി കരുതുന്നത്. ആ നിലക്ക് കോണ്‍ഗ്രസുമായി സഹകരിക്കുകയാണെങ്കില്‍ കേന്ദ്രം കൈയാളുന്ന എന്‍ ഡി എ സര്‍ക്കാറില്‍ നിന്ന് സംസ്ഥാന പുരോഗതിക്കാവശ്യമായ കൂടുതല്‍ ഫണ്ട് ലഭിക്കാനിടയില്ല. അങ്ങനെയെങ്കില്‍ ബി ജെ പിയുമായി കൂട്ടുകൂടാനുള്ള സാധ്യതയും പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്നുണ്ട്. ബി ജെ പിയുമായി രാഷ്ട്രീയപരമായി തൊട്ടുകൂടായ്മയില്ലെന്ന് പാര്‍ട്ടി നേതാവും എം പിയുമായ മുസാഫര്‍ ബെയ്ഗ് വ്യക്തമാക്കുന്നു. പി ഡി പി സംസ്ഥാന പ്രസിഡന്റ് മഹ്ബൂബ മുഫ്തിയും ബി ജെ പിയുമായുള്ള സഹകരണസാധ്യത തള്ളിക്കളയുന്നില്ല. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ടിക്കിള്‍ 30ന് മേല്‍ ചര്‍ച്ച വേണമെന്നതുപോലുള്ള ബി ജെ പിയുടെ അജന്‍ഡകള്‍ സ്വീകാര്യമാണെന്ന് മുസാഫര്‍ ബെയ്ഗ് പറഞ്ഞു. അതേസമയം, പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടെന്ന് സമ്മതിച്ച പാര്‍ട്ടി വക്താവ് നഈം അക്തര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പി ഡി പി നേതാവ് മുഫ്തി മുഹമ്മദ് എടുക്കുമെന്ന് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് സംസ്ഥാന അധ്യക്ഷ മഹ്ബൂബ മുഫ്തി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തെ വോട്ട് വിഭജനം പാര്‍ട്ടിയെ അസ്വസ്ഥമാക്കുന്നുണ്ട്. ഹിന്ദു മേഖല പൂര്‍ണമായും ബി ജെ പിയെ പിന്തുണച്ചപ്പോള്‍ മുസ്‌ലിം മേഖലയില്‍ നിന്ന് ഏറെ വോട്ടുകള്‍ പി ഡി പിക്കാണ് ലഭിച്ചത്. ഇത് കൊണ്ട് തന്നെ മുസ്‌ലിം വോട്ടര്‍മാരെ പരിഗണിച്ചു കൊണ്ടുള്ള തീരുമാനം പാര്‍ട്ടിക്ക് തള്ളിക്കളയാവുന്നതല്ല. എന്നാല്‍ വെള്ളപ്പൊക്കം ദുരിതം വിതച്ച കാശ്മീരില്‍ അടുത്ത സര്‍ക്കാറിനു മുമ്പിലുള്ള ഏറ്റവും വലിയ കടമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടര്‍ന്നുള്ള പുരോഗമന പ്രവര്‍ത്തനങ്ങളുമാണ്. നാഷനല്‍ കോണ്‍ഫറന്‍സ് സര്‍ക്കാറിന് ഏറെ പഴി കേട്ടതും ഈ വിഷയത്തിലാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ഫണ്ട് വാങ്ങി സംസ്ഥാനത്തിന് പുരോഗതി ത്വരിത ഗതിയിലാക്കേണ്ടതുണ്ട്. ബി ജെ പിക്ക് പങ്കാളിത്തമില്ലാത്ത സര്‍ക്കാറിന് എത്രത്തോളം ഫണ്ട് കിട്ടുമെന്നത് പി ഡി പിക്ക് മുന്നിലെ ചോദ്യചിഹ്നമാണ്. തങ്ങള്‍ തികഞ്ഞ ആശയക്കുഴപ്പത്തിലാണെങ്കിലും പാര്‍ട്ടിയുടെ രാഷ്ട്രീയ സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് വക്താവ് അക്തര്‍ പറഞ്ഞു.
പി ഡി പി ബി ജെ പിയുമായി കൂട്ടുകൂടുന്നതില്‍ തങ്ങള്‍ക്കുള്ള അതൃപ്തി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അറിയിച്ചിട്ടുണ്ട്. പി ഡി പിയുടെ ആശയങ്ങള്‍ ബി ജെ പിയുമായി യോജിക്കുന്നവയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പി ഡി പിയുടെ നീക്കങ്ങളെ ബി ജെ പിയും സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ബി ജെ പി സാധ്യതകള്‍ തുറന്നിട്ടിരിക്കുകയാണെന്നും സര്‍ക്കാറില്‍ പങ്കാളിയാകാന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുമെന്നും ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.