Connect with us

Kozhikode

കൃഷിയില്‍ വൈവിധ്യം പരീക്ഷിച്ച്് അഷ്‌റഫ് ശ്രദ്ധേയനാകുന്നു

Published

|

Last Updated

താമരശ്ശേരി: ഫലവൃക്ഷങ്ങളും കാര്‍ഷിക വിളകളും തേനീച്ച വളര്‍ത്തലുമായി കാര്‍ഷിക വിപ്ലവം സൃഷ്ടിക്കുകയാണ് യുവ കര്‍ഷകനായ കിഴക്കോത്ത് പന്നൂര്‍ കൊല്ലരുതൊടുകയില്‍ അഷ്‌റഫ്. മുന്തിയ ഇനം സപ്പോട്ട, കായ പറിച്ചെടുക്കാന്‍ മാത്രമുള്ളതല്ല, കമ്പ് മുറിച്ചെടുത്ത് ബെഡ് ചെയ്ത് വിതരണം ചെയ്യാനും ഉപയോഗിക്കുന്നു. വെങ്ങനം പള്ളി ഇനത്തില്‍പെട്ട മാവ്, റമ്പൂട്ടാന്‍, ഏറെ വലിപ്പമുള്ള പേരക്ക തുടങ്ങിയ ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങളായ ചെറൂള, എരുക്ക്, കരിംകുറുഞ്ഞി, രാമച്ചം, ചന്ദനം, തഴുതാമ, വാതം കൊല്ലി എന്നിവക്കുപുറമെ വംശ നാശ ഭീഷണി നേരിടുന്ന ആന ചക്കരയും ഇവിടെയുണ്ട്. നാട്ടിന്‍പുറങ്ങളില്‍ ഒരുകാലത്ത് സുലഭമായിരുന്ന പൊട്ടിങ്ങയുടെ ഔഷധ വീര്യം മനസ്സിലാക്കി പരിപാലിച്ച് വളര്‍ത്തുന്നു.
പന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ വര്‍ഷങ്ങളായി അഷ്‌റഫിന്റെ പുരയിടത്തിലെത്തിയാണ് കൃഷി ചെയ്യുന്നത്. കപ്പ, ചേന, ചേമ്പ്, പയര്‍ എന്നിവയുടെ ശാസ്ത്രീയ പരിചരണം ഇവര്‍ക്ക് പരിശീലിപ്പിക്കുന്നത് ഇദ്ദേഹമാണ്. ആടുകള്‍ക്ക് തീറ്റ കൊടുക്കാനായി അഷ്‌റഫ് സി ഒ ത്രി ഇനത്തില്‍പെട്ട പുല്ലും വളര്‍ത്തുന്നു. തേനീച്ച വളര്‍ത്തലാണ് അഷ്‌റഫിന്റെ പ്രധാന വിനോദം. ഔഷധ വീര്യമുള്ള ഈത്തപ്പഴം, അത്തിപ്പഴം, ഉണക്കമുന്തിരി, കുങ്കുമപ്പൂ ഉള്‍പ്പെടെയുള്ള പൂവുകളുടെ മിശ്രിതം എന്നിവ തേനിലിട്ട് വില്‍പ്പന നടത്തുന്നു. സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന തേനീച്ച വളര്‍ത്തല്‍ പരിശീലനത്തിലെ പ്രധാന പരിശീലനകനാണ് അഷറഫ്. തേനീച്ച വളര്‍ത്തല്‍ ശാസ്ത്രീയമായി പരിശീലിപ്പിക്കാനായി പരിശീലന കേന്ദ്രവും ആരംഭിച്ചു. കൃഷി വകുപ്പിന്റെയും മൃഗ സംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടെ കര്‍ഷകര്‍ക്കായി വിവിധ പരിശീലന പദ്ധതികള്‍ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് അഷ്‌റഫ്.