Connect with us

National

അബ്ദുല്‍ ഗനി കോഹ്‌ലി ബി ജെ പി ടിക്കറ്റില്‍ ജയിച്ചത് ചരിത്രമായി

Published

|

Last Updated

ജമ്മു: ജമ്മു കാശ്മീരിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ബി ജെ പി ടിക്കറ്റില്‍ മുസ്‌ലിം സ്ഥാനാര്‍ഥി വിജയിച്ചു. രജൗരി ജില്ലയിലെ കാലാകോട്ടെ മണ്ഡലത്തില്‍ നിന്ന് ജനവിധി നേടിയ അബ്ദുല്‍ ഗനി കോഹ്‌ലിയാണ് വിജയിച്ചത്. രണ്ട് തവണ എം എല്‍ എയായ നാഷനല്‍ കോണ്‍ഫറന്‍സിലെ രാഷ്പാല്‍ സിംഗിനെ 6,178 വോട്ടുകള്‍ക്കാണ് അബ്ദുല്‍ ഗനി തോല്‍പ്പിച്ചത്. കൊഹ്‌ലി 25,225 വോട്ടുകള്‍ നേടിയപ്പോള്‍ സിംഗിന് 19,047 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. കോണ്‍ഗ്രസിലെ അശോക് ശര്‍മയും പി ഡി പിയിലെ അസദ് ബാരി ഷായും മൂന്നും നാലും സ്ഥാനത്തെത്തി.
ഹിന്ദുത്വ പ്രതിച്ഛായ മറികടക്കാന്‍ 31 മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ് ബി ജെ പി രംഗത്തിറക്കിയത്. ഇവരില്‍ ഭൂരിപക്ഷവും കാശ്മീര്‍ താഴ്‌വരയിലാണ് ജനവിധി തേടിയത്. 1972ല്‍ ഭാരതീയ ജനസംഘത്തിന്റെ ടിക്കറ്റില്‍ മത്സരിച്ച ശൈഖ് അബ്ദുര്‍റഹ്മാന്‍ വിജയിച്ചിരുന്നു. ബി ജെ പി ടിക്കറ്റില്‍ മത്സരിച്ച് വിജയിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അബ്ദുല്‍ ഗനി കോഹ്‌ലി പറഞ്ഞു. നരേന്ദ്ര മോദിയുടെ വികസന മുദ്രാവാക്യത്തിനുള്ള വിജയമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.