എസ് എസ് എഫ് എക്‌സലന്‍സി ടെസ്റ്റ് ഫെബ്രുവരി ഒന്നിന്; ഈ മാസം 31 വരെ അപേക്ഷിക്കാം

Posted on: December 24, 2014 5:54 am | Last updated: December 25, 2014 at 12:34 am

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന എക്‌സലന്‍സി ടെസ്റ്റ് ഫെബ്രുവരി ഒന്നിന് നടക്കും. ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ മാതൃകാ പരീക്ഷയും മോട്ടിവേഷന്‍ ക്ലാസും നടക്കും.
കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി എസ് എസ് എഫ് നടത്തിവരുന്ന എക്‌സലന്‍സി ടെസ്റ്റ് സര്‍ക്കാരിതര സംഘടന നടത്തുന്ന കോളജിലെ ഏറ്റവും വലിയ മാതൃകാ പരീക്ഷയാണ്. സംസ്ഥാനത്ത് എഴുനൂറോളം കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. സംസ്ഥാനത്തെ വിദ്യാലയങ്ങളും ബദല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളും പരീക്ഷാ കേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്.
മൂന്‍കൂട്ടി അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് എക്‌സലന്‍സി ടെസ്റ്റിന് അനുമതി നല്‍കുന്നത്. ഈ വര്‍ഷത്തെ പരീക്ഷയെഴുതുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. എക്‌സലന്‍സി ടെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട്ട് നടക്കും. ഇത് സംബന്ധമായി സ്റ്റുഡന്റ്‌സ് സെന്ററില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, പി എ മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി, വി പി എം ഇസ്ഹാഖ്, എം അബ്ദുല്‍ മജീദ്, കെ അബ്ദുല്‍ റശീദ് നരിക്കോട്, കെ ഐ ബഷീര്‍, എ എ റഹീം, പി വി അഹ്മദ് കബീര്‍, ഹാഷിര്‍ സഖാഫി കായംകുളം സംബന്ധിച്ചു.
കെ അബ്ദുല്‍ കലാം സ്വാഗതവും ഉമര്‍ ഓങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.