Connect with us

Gulf

50 ലക്ഷം പേര്‍ ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിക്കുമെന്ന്

Published

|

Last Updated

ദുബൈ: നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയ ഗ്ലോബല്‍ വില്ലേജില്‍ 157 ദിവസങ്ങള്‍ക്കുള്ളില്‍ 50 ലക്ഷം പേര്‍ സന്ദര്‍ശകരായി എത്തുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഈ സീസണില്‍ ഗ്ലോബല്‍ വില്ലേജ് ആരംഭിച്ച ആദ്യ നാല് ആഴ്ചകള്‍ക്കിടിയില്‍ മാത്രം 10 ലക്ഷത്തിലധികം പേര്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം ആറിനാണ് ഗ്ലോബല്‍ വില്ലേജിന്റെ 19ാമത് എഡിഷന് തുടക്കമായത്. ഗ്ലോബല്‍ വില്ലേജിനെ സബന്ധിച്ചിടത്തോളം ഏറ്റവും വിജയകരമായ ഒന്നാണ് സന്ദര്‍ശകരുടെ ഈ പ്രവാഹമെന്ന് സി ഒ ഒ അഹ്മദ് ഹുസൈന്‍ വ്യക്തമാക്കി.
മുമ്പൊന്നുമില്ലാത്ത വിധമാണ് ഇത്തവണ കുടുംബങ്ങള്‍ ഗ്ലോബല്‍ വില്ലേജിലേക്ക് ഒഴുകുന്നത്. ഇത് ഏറെ ഉത്സാഹം നല്‍കുന്ന കാര്യമാണ്. കഴിഞ്ഞ വര്‍ഷം 191 ദിനങ്ങളായിരുന്നു ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിച്ചത്. ഈ വര്‍ഷം 157 ദിവസമായിരിക്കും ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിക്കുക. ഇതിനിടയില്‍ 50 ലക്ഷം പേരെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. 2015 ഏപ്രില്‍ 11 വരെയാണ് ഇപ്പോഴത്തെ പദ്ധതി പ്രകാരം ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിക്കുക. ഈ വര്‍ഷം പുതുതായി ആരംഭിച്ച പുതിയ പദ്ധതികളോട് വളരെ ക്രിയാത്മകമാണ് സന്ദര്‍ശകര്‍ പ്രതികരിക്കുന്നത്.
ഗ്ലോബല്‍ വില്ലേജില്‍ എത്തുന്നവരില്‍ 80 ശതമാനവും താമസക്കാരാണ്. 20 ശതമാനത്തോളം വരും വിനോദസഞ്ചാരികളുടെ എണ്ണമെന്നും അഹ്മദ് പറഞ്ഞു.

Latest