Connect with us

Kozhikode

അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ കിരീടം കാലിക്കറ്റിന്‌

Published

|

Last Updated

തേഞ്ഞിപ്പലം: ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാല പുരുഷ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് ചാമ്പ്യന്‍മാരായി. അത്യന്തം വാശിയേറിയ അവസാന ലീഗ് മത്സരത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയും എം ജി സര്‍വകലാശാലയും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. കാലിക്കറ്റിന് വേണ്ടി എട്ടാം മിനുട്ടില്‍ ഭരതനും എം ജിക്ക് വേണ്ടി ഇരുപത്തിനാലാം മിനുട്ടില്‍ എല്‍ദോയുമാണ് ഗോളുകള്‍ നേടിയത്. വിജയികള്‍ക്ക് വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാമും മാതൃഭൂമി ഡയറക്ടര്‍ പി വി ഗംഗാധരനും ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു.
രണ്ട് വിജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെയാണ് കാലിക്കറ്റ് ഒന്നാമതെത്തിയത്. ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാലാ കിരീടം ഇരുപത് തവണയും അഖിലേന്ത്യാ സര്‍വകലാശാല കിരീടം എട്ട് തവണയും കാലിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ഫൈനല്‍ റൗണ്ട് മത്സരങ്ങളില്‍ കാലിക്കറ്റ് അണ്ണാമലൈ സര്‍വകലാശാലയെയും (1-0), അണ്ണാ സര്‍വകലാശാലയെയും (2-0) പരാജയപ്പെടുത്തിയിരുന്നു.
ആറ് പോയിന്റോടെ അണ്ണാമലൈ സര്‍വകലാശാല രണ്ടും നാല് പോയിന്റോടെ എം ജി സര്‍വകലാശാല മൂന്നും അണ്ണാ സര്‍വകലാശാല നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. നാല് ടീമുകളും ഈ മാസം 27 മുതല്‍ ജനുവരി മൂന്ന് വരെ ഗ്വാളിയോറില്‍ നടക്കുന്ന അശുതോഷ് മുഖര്‍ജി ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ടൂര്‍ണമെന്റിന് യോഗ്യത നേടി.
ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാല ടൂര്‍ണമെന്റിലെ ബെസ്റ്റ് പ്രോമിസിംഗ് പ്ലയറായി എം ജിയുടെ സല്‍മാനെയും മികച്ച ഗോള്‍കീപ്പറായി അണ്ണാമലൈയുടെ അജ്മലിനെയും ഏറ്റവും നല്ല കളിക്കാരനായി കാലിക്കറ്റിന്റെ കെ കെ ഭരതനെയും തിരഞ്ഞെടുത്തു.
കാലിക്കറ്റിന്റെ മുന്‍ താരവും ഇപ്പോഴത്തെ കോച്ചുമായ ബിനോയ് സി ജെയിംസിനെ ചടങ്ങില്‍ ആദരിച്ചു. സമാപന സമ്മേളനത്തില്‍ പുരസ്‌കാരദാന പ്രഭാഷണം വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം നിര്‍വഹിച്ചു. ദുബൈ ഗോള്‍ഡ് എം ഡി മുഹമ്മദലി സമ്മാനദാനം നടത്തി. പ്രോ-വൈസ് ചാന്‍സലര്‍ കെ രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.