കള്ളപ്പണം: 2011ന് മുമ്പുള്ള നിക്ഷേപകരുടെ വിവരങ്ങള്‍ നല്‍കില്ലെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ്‌

Posted on: December 23, 2014 12:42 am | Last updated: December 22, 2014 at 11:42 pm

ന്യൂഡല്‍ഹി: 2011ന് മുമ്പുള്ള ഇന്ത്യന്‍ നിക്ഷേപകരുടെ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ്. വിദേശ ബേങ്കുകളിലെ ഇന്ത്യന്‍ പൗരന്‍മാരുടെ അക്കൗണ്ടുകളിലെ കള്ളപ്പണ നിക്ഷേപങ്ങള്‍ തിരികെ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തയ്യാറെടുക്കുമ്പോഴാണ് 2011 മെയ് മുതലുള്ള സ്വിസ് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ലഭിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് മറുപടി ലഭിച്ചിരിക്കുന്നത്.
ഇന്ത്യയുമായി പുതിയ കരാര്‍ തയ്യാറാക്കിയ ശേഷം മാത്രമേ 2011 നവംബര്‍ മുതലുള്ള നിക്ഷേപകരുടെ വിവരങ്ങള്‍ കൈമാറാമെന്നുമാണ് സ്വിസ് വൃത്തങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിവരം. ഇരു രാജ്യങ്ങളിലേയും നികുതി വെട്ടിച്ച് കടത്തിയവരുടെ വിവരങ്ങള്‍ മാത്രമേ കൈമാറുകയൊള്ളൂവെന്നും സ്വിസര്‍ലാഡ് അറിയിച്ചിട്ടുണ്ട്. കള്ളപ്പണം തിരിച്ച് കൊണ്ടുവരുന്നതിന് യു എന്‍ സമ്മേളനത്തില്‍ ഇന്ത്യ സ്വിറ്റ്‌സര്‍ലാന്‍ഡ് അടക്കമുള്ള രാജ്യങ്ങളുടെ സഹായം അഭ്യാര്‍ഥിച്ചിരുന്നു. ഇതിനായി സ്വിറ്റ്‌സര്‍ലാന്‍ഡുമായി പ്രത്യേക കരാര്‍ തയ്യാറാക്കുന്നതിന് ധാരണയായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രധാനമായി ഉയര്‍ത്തിക്കാട്ടിയ വിഷയം വിദേശ ബേങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപകരുടെ കള്ളപ്പണത്തെ കുറിച്ചായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും സ്വിസ് ബേങ്കടക്കമുള്ള വിദേശ രാജ്യങ്ങളിലെ പണം തിരികെ എത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും കള്ളപ്പണ നിക്ഷേപകരുടെ പേരുകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്നും പറഞ്ഞിരുന്നു. ഇതിനായി സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ നിലപാട് തിരിച്ചടിയായിരിക്കുന്നത്.