അമേരിക്ക ഭീകരവാദത്തിന്റെ കുപ്പത്തൊട്ടിയെന്ന് വടക്കന്‍ കൊറിയ

Posted on: December 23, 2014 12:32 am | Last updated: December 22, 2014 at 11:33 pm

സിയോള്‍: അമേരിക്കക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശങ്ങളുന്നയിച്ച് വടക്കന്‍ കൊറിയ രംഗത്തെത്തി. രാജ്യത്തിന്റെ അന്തസ്സ് താഴ്ത്തിക്കാണിക്കുന്ന തരത്തില്‍ ഉന്നത നേതാക്കള്‍ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്ന വിവാദ ചിത്രം ‘ദി ഇന്റര്‍വ്യൂ’ന് മൗനാനുവാദം നല്‍കിയ അമേരിക്കയുടെ നടപടി അപലപനീയമാണെന്നും വൈറ്റ്ഹൗസ് പൊട്ടിച്ചുതകര്‍ക്കുമെന്നും വടക്കന്‍ കൊറിയന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്ക ഭീകരവാദത്തിന്റെ ഒരു കുപ്പത്തൊട്ടിയാണെന്നും കൊറിയ ആക്ഷേപിച്ചു. സോണി പിക്ചര്‍ എന്റര്‍ടെയ്ന്‍മെന്റിന് നേരെ വടക്കന്‍ കൊറിയ സൈബര്‍ ആക്രമണം നടത്തിയെന്ന് നേരത്തെ അമേരിക്ക ആരോപിച്ചിരുന്നു. എന്നാല്‍ അമേരിക്കക്കെതിരെയും ഇവരുടെ സ്ഥാപനങ്ങള്‍ക്കെതിരെയും കൂടുതല്‍ ആക്രമണം നടത്തുമെന്നായിരുന്നു വടക്കന്‍ കൊറിയയുടെ പ്രതികരണം. സോണിക്ക് നേരെ നടന്ന സൈബര്‍ ആക്രമണ പശ്ചാത്തലത്തില്‍ ഇവര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്ന ചിത്രം റദ്ദ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ നടപടിയെ വിമര്‍ശിച്ച ഒബാമ, ഇത്തരം പ്രവര്‍ത്തനം സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് കൂടുതല്‍ ശക്തിപകരുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
വടക്കന്‍ കൊറിയയുടെ നേതാവായ കിം ജുംഗ് ഉന്നിനെതിരെ വധശ്രമം നടത്താനുള്ള ഗൂഢ പദ്ധതി ആവിഷ്‌കരിക്കുന്നതാണ് ചിത്രം. സോണി പിക്ചറാണ് ചിത്രം പുറത്തിറക്കുന്നതെങ്കിലും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കയാണെന്നും തങ്ങളുടെ നേതാക്കളെ കൊലപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും വടക്കന്‍ കൊറിയ ആരോപിക്കുന്നു. യുദ്ധ സമാനമായ നടപടിയെന്നാണ് ചിത്രത്തെ കുറിച്ച് വടക്കന്‍ കൊറിയന്‍ നേതാക്കള്‍ പ്രതികരിച്ചത്.
അമേരിക്കയുടെ സ്വേച്ഛാധിപത്യം വടക്കന്‍ കൊറിയ നേരത്തെ തകര്‍ത്തെറിഞ്ഞതാണ്. ഇപ്പോള്‍ തന്നെ അമേരിക്കക്കെതിരെ ശക്തമായ തിരിച്ചടി നല്‍കിത്തുടങ്ങി. ഏതു തലത്തിലും അമേരിക്കയുമായി യുദ്ധത്തിന് വടക്കന്‍ കൊറിയ തയ്യാറാണെന്നും പ്രസ്താവനയില്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.