തണ്ണീര്‍പന്തലില്‍ വീട്ടില്‍ കവര്‍ച്ച; സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

Posted on: December 22, 2014 8:55 am | Last updated: December 22, 2014 at 8:55 am

നാദാപുരം: തണ്ണീര്‍പന്തല്‍ ടൗണിനടുത്ത് വീട്ടില്‍ കവര്‍ച്ചയും മറ്റൊരു വീട്ടില്‍ മോഷണ ശ്രമവും നടന്നു. കടമേരി റോഡില്‍ കളത്തില്‍ കുഞ്ഞാമിയുടെ വീട്ടിലാണ് മോഷണം നടന്നത്. മൂന്നര പവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും നഷ്ടുപ്പെട്ടതായി പോലീസില്‍ പരാതി നല്‍കി. കുഞ്ഞാമി ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ വീട്ടിലെ മറ്റുള്ളവര്‍ ശനിയാഴ്ച രാത്രി ബന്ധുവീട്ടില്‍ ഉറങ്ങാന്‍ പോയിരുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്.
വീടിന്റെ പിന്‍വശത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത ശേഷം വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. കിടപ്പ് മുറിയിലെ അലമാര കുത്തിത്തുറന്നാണ് പണവും സ്വര്‍ണവും കവര്‍ന്നത്.
കടമേരി റോഡിനടുത്ത് സി സി പീടികയില്‍ സി സി ഹൗസില്‍ ബഷീറിന്റെ വീട്ടിലാണ് മേഷണശ്രമം നടന്നത്. ബഷീര്‍ കുടുംബത്തോടൊപ്പം വിദേശത്താണ്. വീടിന് മുന്‍വശത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത് വാതില്‍ കുത്തിത്തുറന്ന് മോഷ്ടാക്കള്‍ അകത്ത് കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ നിന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ടിട്ടുണ്ട്. മോഷ്ടാക്കള്‍ രണ്ട് വീടുകളിലും ഏറെസമയം ചെലവഴിച്ചതായാണ് സൂചന.
നാദാപുരം സി ഐ. എ എസ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘവും വടകരയില്‍ നിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാദാപുരം, കുറ്റിയാടി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഒരേ സ്വഭാവത്തിലുള്ള കവര്‍ച്ച ആവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ മാസം ചേലക്കാട് ഒരു വീട്ടില്‍ കവര്‍ച്ച നടന്നിരുന്നെങ്കിലും പ്രതികളെ കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. രണ്ട് മാസം മുമ്പ് കുറ്റിയാടി സ്റ്റേഷന്‍ പരിധിയിലെ സംസ്ഥാന പാതയോരത്ത് വട്ടോളിയിലും കുറ്റിയാടിയിലും വീടുകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച നടത്തിയിരുന്നു.