Connect with us

Wayanad

ബാവലിയിലെ ബാര്‍ അടച്ചുപൂട്ടി

Published

|

Last Updated

കല്‍പ്പറ്റ: രാജ്യത്തെ നിയമങ്ങളെയെല്ലാം വെല്ലുവിളിച്ച് കേരള-കര്‍ണാടക അതിര്‍ത്തിയായ ബാവലിയില്‍ പ്രവര്‍ത്തിച്ചുവന്ന അനധികൃത ബാറും ചില്ലറ വില്‍പ്പനശാലയും മൈസൂര്‍ റവന്യൂ ഡിസ്ട്രിക്ട് കമ്മീഷണറുടെ അടിയന്തരനിര്‍ദേശ പ്രകാരം അടച്ചുപൂട്ടി.
ജില്ലാകലക്ടറുടെ ഉത്തരവ് പ്രകാരം എക്‌സൈസ് റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് റെയ്ഡ് നടത്തി സ്ഥാപനം പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ സംഘങ്ങളായി തിരിഞ്ഞ് മേല്‍സ്ഥാപനത്തില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ഉത്തരവ് പ്രകാരം റെയ്ഡ് ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഉച്ചക്ക് രണ്ട് മണിയോട് കൂടിയാണ് ബാറിന്റെ ഷട്ടറുകള്‍ അടച്ചുപൂട്ടുകയും തൊഴിലാളികളെ പുറത്താക്കിയും വിശദമായ റെയ്ഡ് നടത്തിയത്. തുടര്‍ന്ന് മദ്യത്തിന്റെ സ്റ്റോക്കുകളും വിവിധ രേഖകളും ബാറും പരിസരവും സംഘം വിശദമായി പരിശോധിച്ചു. പരിശോധന ഇന്നലെ രാത്രി ഏഴ് മണിയോളം തുടര്‍ന്നു. തുടര്‍ന്ന് ബാറില്‍ സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുക്കുകയും സ്ഥാപനം പൂട്ടി സീല്‍ ചെയ്ത് മദ്യവുമായി പോകുകയും ചെയ്തു. എന്നാല്‍ ഇതൊന്നുമറിയാതെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആളുകള്‍ ഈ അനധികൃത ബാറിലേക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് കേരളത്തിലെയും കര്‍ണാടകയിലെയും വിവിധ വകുപ്പുകള്‍ വിഷയത്തിലിടപെടുകയും പ്രസ്തുത സ്ഥാപനം അടച്ചുപൂട്ടുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവയെല്ലാം അവഗണിച്ചും ഏറ്റവുമൊടുവില്‍ ഡി ബി കുപ്പെ പഞ്ചായത്ത് നല്‍കിയ സ്റ്റോപ്പ് മെമ്മോ പോലും അവഗണിച്ച് ഈ സ്ഥാപനം നിര്‍ബാധം പ്രവര്‍ത്തനം തുടരുകയായിരുന്നു. പ്രസ്തുത വിഷയം ബന്ധപ്പെട്ട അധികാരികള്‍ക്കും നിയമജ്ഞന്‍മാര്‍ക്കും മുമ്പില്‍ എത്തിക്കുന്നതില്‍ പരിസ്ഥിതി പ്രവര്‍ത്തകനും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. ശ്രീജിത്ത് പെരുമനയുടെ നിരന്തരമായ നിയമപോരാട്ടത്തിന്റെ വിജയം കൂടിയാണ് ഒടുവില്‍ ഈ അനധികൃത ബാര്‍ അടച്ചുപൂട്ടുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്.
മാസങ്ങള്‍ക്ക് മുമ്പ് കടുവാസംരക്ഷണസമിതിയും വന്യജീവി ബോര്‍ഡും കര്‍ണാടക ചീഫ് സെക്രട്ടറിയോട് അടിയന്തരമായി ബാര്‍ ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന നല്‍കിയ വിവിധ പരാതിയുടെയും അടിസ്ഥാനത്തില്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഈ സ്റ്റോപ്പ് മെമ്മോ ഉത്തരവ് അട്ടിമറിച്ച് പ്രസ്തുത ബാര്‍ പ്രവര്‍ത്തിച്ച് വരിയായിരുന്നു.

Latest