Kozhikode
മണ്ണാര്‍പാടം പ്രദേശത്തെ മാലിന്യം: പ്രശ്‌ന പരിഹാരത്തിന് നടപടി

ഫറോക്ക്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഫറോക്ക് ഡിപ്പോയില്‍ നിന്ന് ഇന്ധനവും ഇ എസ് ഐ ആശുപത്രിയില്‍ നിന്ന് മാലിന്യവും പുറത്തേക്ക് ഒഴുകി മണ്ണാര്‍പാടം പ്രദേശത്തെ കിണറുകള്‍ മലിനമായ സംഭവത്തില്‍ പ്രശ്‌ന പരിഹാരത്തിന് നടപടിയായി. മണ്ഡലം എം എല്‍ എ എളമരം കരീം വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഐ ഒ സി.- ഇ എസ് ഐ ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് പ്രശ്‌ന പരിഹാരത്തിന് പദ്ധതി ആവിഷ്‌കരിച്ചത്.
ഐ ഒ സി ഡിപ്പോയിന്‍ നിന്നും പ്രെട്രോളിയം ഉത്പന്നങ്ങള്‍ പുറത്തേക്ക് ഒഴുകുന്നത് തടയും. ഇത് മാനേജര്‍ ഉറപ്പുവരുത്തും. അഴുക്കുചാലില്‍ കെട്ടിക്കിടക്കുന്ന മലിനജലം ഒഴിവാക്കും. നിലവിലുള്ള അഴുക്കുചാല്‍ വടക്കുമ്പാട് പുഴ വരെ കോണ്‍ക്രീറ്റ് ചെയ്ത് നീട്ടും. ഇത് രണ്ടിന്റെയും ചെലവുകള്‍ പൂര്‍ണമായും ഐ ഒ സി വഹിക്കും. ഇക്കാര്യം ആവശ്യപ്പെട്ട ഗ്രാമപഞ്ചായത്ത് ഐ ഒ സി അധികൃതര്‍ക്ക് കത്ത് നല്‍കും.
ഇ എസ് ഐ ആശുപത്രിയിലെയും ക്വാര്‍ട്ടേര്‍സുകളിലെയും മാലിന്യം ശുചീകരിക്കാന്‍ ആശുപത്രിയില്‍ നിര്‍മാണം ആരംഭിച്ച മലിനജല ശുചീകരണ പ്ലാന്റ് എത്രയും വേഗം പൂര്‍ത്തീകരിക്കും. മാലിന്യം പുറത്തേക്ക് ഒഴുകാതിരിക്കാന്‍ ഇ എസ് ഐ നടപടി സ്വീകരിക്കും. ആശുപത്രി കോര്‍ട്ടേഴ്‌സിന്റെ പരിസരം ശുചീകരിക്കും. ആശുപത്രിയില്‍ നിന്നും മലിനജലം പുറത്തേക്ക് ഒഴുകുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഉറപ്പുവരുത്തും.
യോഗത്തില്‍ ഫറോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളക്കട സരസു, വൈസ് പ്രസിഡന്റ് കെ ടി എ മജീദ്, പഞ്ചായത്ത് അംഗങ്ങളായ മനഴി സുകുമാരന്‍, ഇ ബാബുദാസ്, ഐ ഒ സി മാനേജര്‍ സി പി നായര്‍, അസിസ്റ്റന്റ് മാനേജര്‍ ജ്യോതീന്ദ്രന്‍, ഇ എസ് ഐ സൂപ്രണ്ട് എന്‍ കെ രാജന്‍, ജൂനിയര്‍ സൂപ്രണ്ട് കെ കെ അബ്ദുല്‍ ഹഖ്, പഞ്ചായത്ത് സെക്രട്ടറി സനല്‍കുമാര്‍, പരിസരവാസികളായ സുഭാഷ്, മോഹന്‍ദാസ്, അബ്ദുല്‍ ബഷീര്‍, സദാശിവന്‍ പങ്കെടുത്തു.