കണ്ടപ്പന്‍ചാല്‍ ആര്‍ച്ച് പാലം നിര്‍മാണം അന്തിമഘട്ടത്തില്‍

Posted on: December 20, 2014 9:27 am | Last updated: December 20, 2014 at 9:27 am

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ – കണ്ടപ്പന്‍ചാല്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ആര്‍ച്ച് പാലത്തിന്റെ നിര്‍മാണ പ്രവൃത്തി അന്തിമഘട്ടത്തില്‍. 2012ല്‍ പണി തുടങ്ങിയ പാലത്തിന് 7.80 കോടി രൂപയാണ് നിര്‍മാണ ചെലവ്. സാധാരണ പാലങ്ങളെപ്പോലെ ഇതിന് തൂണുകളില്ല.
പുഴയിലെ ശക്തമായ മലവെള്ള പാച്ചില്‍ പാലത്തിന് ക്ഷതമേല്‍പ്പിക്കാതിരിക്കാനാണ് തുണുകള്‍ ഒഴിവാക്കിയത്. നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായെങ്കിലും ഗതാഗതത്തിന് തുറക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. അപ്രോച്ച് റോഡിന് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടില്ല. ഇതിന് രണ്ട് കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന് നിര്‍മാണ പ്രവര്‍ത്തിക്ക് നേതൃത്വം നല്‍കുന്ന എന്‍ജിനീയര്‍ അനൂപ് പറഞ്ഞു.
പാലം തുറക്കുന്നതോടെ മലയോര പ്രദേശങ്ങളില്‍ നിന്ന് വയനാട്ടിലേക്കുള്ള യാത്ര എളുപ്പമാകും. വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അരിപ്പാറ, തുഷാരഗിരി എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനും സാധിക്കും.