‘ആഘോഷ മാല’യുടെ ഭാഗമാകാന്‍ ബുക്കിംഗ് തുടങ്ങി

Posted on: December 19, 2014 6:56 pm | Last updated: December 19, 2014 at 6:56 pm

ദുബൈ: ദുബൈ വ്യാപാരോത്സവത്തിന്റെ ഭാഗമായുള്ള സെലിബ്രേഷന്‍ മാലയുടെ ഭാഗങ്ങള്‍ ലഭിക്കാന്‍ ഉപഭോക്താക്കള്‍ ബുക്കിംഗ് തുടങ്ങി. ലോകത്തിലെ ഏറ്റവും നീളം കൂടിയ കരകൗശല സ്വര്‍ണ മാല ഭാഗങ്ങളാക്കിയാണ് വിവിധ ആഭരണശാലകള്‍ വില്‍പന നടത്തുക. ഗുബൈബ, ദേര ഗോള്‍ഡ് സൂഖ്, ദുബൈ മാള്‍, ഗ്ലോബല്‍ വില്ലേജ്, ലാംസി പ്ലാസ, ലുലു ഖിസൈസ്, ഒയാസിസ് മാള്‍ എന്നിവിടങ്ങളില്‍ പ്രത്യേക മാടക്കടകള്‍ ഏര്‍പ്പെടുത്തി. 20,22,24,26 ഗ്രാം എന്നിങ്ങനെയാണ് ലഭ്യമാകുക. 22 കാരറ്റ് മാലക്ക് ഗ്രാമിന് 15 ദിര്‍ഹം അധിക നിരക്ക് ഈടാക്കും. ഇതിനു പുറമെ എട്ട് ഗ്രാം ബ്രേസ്‌ലെറ്റിന് മൂന്നു നറുക്കെടുപ്പ് കൂപ്പണുകളും 20 ഗ്രാം മാലക്ക് ആറു കൂപ്പണുകളും ലഭിക്കും. ജനുവരി 11ന് ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തപ്പെട്ടയുടന്‍ ഉത്പന്നം വിതരണം ചെയ്തു തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.
മുഖവിലയുടെ പത്തു ശതമാനം അടച്ചാല്‍ ബുക്കിംഗ് നടത്താമെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എം ഡി. എം പി ശംലാല്‍ അഹ്മദ് അറിയിച്ചു. അഞ്ചു കിലോമീറ്ററില്‍ 2.5 കിലോമീറ്റര്‍ നിര്‍മിക്കുന്നത് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സാണ്. 2015 ജനു. എട്ടോടെ മാല പ്രദര്‍ശനത്തിന് തയ്യാറാകുമെന്നും ശംലാല്‍ അറിയിച്ചു.
ജോയ് ആലുക്കാസ്, സ്‌കൈ, സിറോയ, എമറാള്‍ഡ് എന്നീ ജ്വല്ലറികളും നിര്‍മാണത്തില്‍ പങ്കുവഹിക്കുന്നു.