ചണം കൊണ്ടുണ്ടാക്കിയ വിവിധ ഉത്പന്നങ്ങളുമായി ജൂട്ട് മേള ശ്രദ്ധേയം

Posted on: December 18, 2014 11:59 am | Last updated: December 18, 2014 at 11:59 am

കോഴിക്കോട്: പ്ലാസ്റ്റിക്ക്, പേപ്പര്‍, കളിമണ്ണ് എന്നിവയുടെ ഉത്പന്നങ്ങള്‍ കണ്ടു മടുത്തവര്‍ക്ക് പുതിയ അനുഭൂതി പകരുകയാണ് ചണം കൊണ്ടുണ്ടാക്കിയ വിവിധ ഉത്പന്നങ്ങള്‍. ജയ ഓഡിറ്റോറിയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നാഷനല്‍ ജൂട്ട് ബോര്‍ഡ് സംഘടിപ്പിക്കുന്ന ജൂട്ട് മേളയിലാണ് ആരെയും ആകര്‍ഷിക്കുന്ന ജൂട്ടുത്പന്നങ്ങള്‍ അണിനിരത്തിയത്.
പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കാത്ത മനോഹരവും പുതിയ ഫാഷനുകളിലുമുള്ള വിവിധയിനം ഉത്പന്നങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. വീടിന്റെ ഭിത്തിയില്‍ അലങ്കാരത്തിനായി തൂക്കിയിടാവുന്ന ചുമര്‍ചിത്രങ്ങളാണ് ഇവയില്‍ പ്രധാനം. മയിലും പൂവും പ്രകൃതിഭംഗിയുമെല്ലാം ചണത്തിന്റെ നെയ്ത്തിലൂടെ മനോഹരങ്ങളാണ്. യന്ത്രങ്ങള്‍ ഒഴിവാക്കി കൈകൊണ്ടു നിര്‍മിച്ചവയാണ് ഇവ.
വാരാണസിയില്‍ നിന്നുള്ള ഈ ഉത്പന്നങ്ങള്‍ക്ക് 250 മുതല്‍ 1200 വരെയാണ് വില. ചണം കൊണ്ടുണ്ടാക്കിയ ആഭരണങ്ങളും ഇവക്കിടയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കൂടുതല്‍ സമയമെടുത്ത് സൂക്ഷ്മമായി വിവിധ നിറങ്ങളില്‍ നിര്‍മിച്ച മാലകളും വളകളും കമ്മലുകളും കീച്ചെയിനുകള്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. കൊല്‍ക്കത്തയില്‍ നിന്നുള്ള ഇത്തരം ആഭരണങ്ങള്‍ക്ക് 20 മുതല്‍ 350 രൂപ വരെയാണ് വില.
ഇതിനു പുറമെ ഭിത്തിയില്‍ തൂക്കിയിടാവുന്ന മറ്റു അലങ്കാരവസ്തുക്കളുമുണ്ട്. 150 ല്‍ തുടങ്ങി 1500 വരെയാണ് ഇവയുടെ വില. കൂടാതെ വിവിധ ഡിസൈനുകളില്‍ തീര്‍ത്ത ചെറുതും വലുതുമായ ബാഗുകള്‍, പൗച്ചുകള്‍, ഫയലുകള്‍, തൊപ്പി, ചെസ് ബോര്‍ഡ് എന്നിവയും മേളയിലുണ്ട്. കലംകരി, വെര്‍ളി, സിത്താര തുടങ്ങി പാരമ്പര്യചിത്രകലകള്‍ ചണം കൊണ്ടു നിര്‍മിച്ച ഫയലുകളില്‍ ഇടം പിടിച്ചിരിക്കുന്നു. ബംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, ഈറോഡ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നായി ഇരുപത്താറോളം സ്റ്റാളുകളാണ് മേളയിലുള്ളത്. ജൂട്ടിനൊപ്പം സില്‍ക്ക്, കോട്ടണ്‍ തുടങ്ങിയവ മിക്‌സ് ചെയ്ത ഉത്പന്നങ്ങളും ഇവിടെയുണ്ട്.
കൂടാതെ ജൂട്ട് ഉത്പന്നങ്ങളുടെ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളും ചണമുത്പന്നങ്ങള്‍ പരിസ്ഥിതി മലിനീകരണത്തെ എത്രത്തോളം ഒഴിവാക്കുന്നുവെന്നതിന്റെ വിവരണങ്ങളും പ്രദര്‍ശനത്തിലുണ്ട്. പ്രദര്‍ശന വിപണനമേള കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ പ്രൊഫ. പി ടി അബ്ദുല്ലത്വീഫ് ഉദ്ഘാടനം ചെയ്തു. ഈ മാസം 21 ന് സമാപിക്കും.