മദ്യനയത്തിലെ മാറ്റം എതിര്‍ക്കേണ്ടതില്ലെന്ന് ഐ ഗ്രൂപ്പ് തീരുമാനം

Posted on: December 18, 2014 12:08 am | Last updated: December 17, 2014 at 11:02 pm

തിരുവനന്തപുരം: സര്‍ക്കാറിന്റെ മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ വരുത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ എതിര്‍ക്കേണ്ടതില്ലെന്ന് ഐ ഗ്രൂപ്പ് എം എല്‍ എമാരുടെ തീരുമാനം. കഴിഞ്ഞദിവസം മന്ത്രി അടൂര്‍ പ്രകാശിന്റെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് എം എല്‍ എമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
മന്ത്രിമാരായ രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍, സി എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ 16 എം എല്‍ എമാര്‍ യോഗത്തില്‍ പങ്കെടുത്തു. അംഗത്വ വിതരണത്തിലുണ്ടായ അപാകങ്ങള്‍ പരിഹരിക്കണമെന്ന് കെ പി സി സി പ്രസിഡന്റിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. മദ്യനയത്തില്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുവെന്ന പരാതി ഗ്രൂപ്പ് യോഗത്തില്‍ ഉയര്‍ന്നു. സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന നിലപാടുകളാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ഗ്രൂപ്പ് നേതാക്കള്‍ പരാതി നല്‍കിയിരുന്നു.
മദ്യനയത്തില്‍ ഐ ഗ്രൂപ്പിന്റെ നിലപാടുകള്‍ക്ക് പൂര്‍ണ പിന്തുണയുമായി എ ഗ്രൂപ്പും നേരത്തെ രംഗത്തുവന്നിരുന്നു. ഞായറാഴ്ചയിലെ ഡ്രൈ ഡേ ഒഴിവാക്കി പകരം മറ്റു ദിവസങ്ങളിലെ മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തന സമയംരണ്ട് മണിക്കൂര്‍ വെട്ടിക്കുറയ്ക്കുക, വൈന്‍, ബിയര്‍ പാര്‍ലറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക തുടങ്ങിയ മാറ്റങ്ങള്‍ വരുത്താനാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. മദ്യനയത്തില്‍ പ്രായോഗിക മാറ്റം വരുത്താന്‍ മന്ത്രിസഭയെ ചുമതലപ്പെടുത്താനുള്ള യു ഡി എഫ് തീരുമാനത്തോട് വി എം സുധീരന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
പ്രായോഗികമാറ്റം വരുത്തിയാല്‍ കോഴ വാങ്ങിയതായി ജനങ്ങള്‍ വിശ്വസിക്കും.ഈ പശ്ചാത്തലത്തില്‍ തനിക്ക് കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കേണ്ടിവരുമെന്ന് സുധീരന്‍ പറഞ്ഞു.
ഘടകകക്ഷികളായ മുസ്്‌ലീം ലീഗും കേരളകോണ്‍ഗ്രസ്-ബിയും പ്രായോഗിക മാറ്റത്തെ എതിര്‍ത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഐ ഗ്രൂപ്പ് പ്രായോഗിക മാറ്റത്തെ അനുകൂലിക്കണമെന്ന തീരുമാനത്തില്‍ എത്തിയത്.