Connect with us

National

മദ്‌റസകള്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിന് തെളിവില്ല: കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: മദ്‌റസകള്‍ ഭീകരവാദ പരിശീലന കേന്ദ്രങ്ങളല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു. അതേസമയം ബംഗ്ലാദേശീ കുടിയേറ്റക്കാര്‍ നേതൃത്വം നല്‍കുന്ന പശ്ചിമ ബംഗാളിലെ മൂന്ന് സ്ഥാപനങ്ങളില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്രം വ്യക്തമാക്കി.
രഹസ്യാന്വേഷണ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഖേന മദ്‌റസകള്‍ അടക്കം ബംഗാളിലെ വ്യത്യസ്ത സ്ഥാപനങ്ങളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിബായി പാറതിബായി ചൗധരി അറിയിച്ചു. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ നടത്തുന്ന മൂന്ന് മതസ്ഥാപനങ്ങളില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് ബര്‍ദ്വാന്‍ സ്‌ഫോടനക്കേസ് അന്വേഷണവേളയില്‍ വ്യക്തമായിരുന്നു എന്ന് അദ്ദേഹം രേഖാമൂലം മറുപടി നല്‍കി.
കിട്ടിയ വിവരപ്രകാരം രാജസ്ഥാന്റെ അതിര്‍ത്തി മേഖലയില്‍ പ്രത്യേകിച്ച് ബാര്‍മര്‍ ജില്ലയില്‍ മദ്‌റസകളുടെ എണ്ണം കൂടി വരുന്നുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ചൗധരി പറഞ്ഞു. രാജസ്ഥാനിലെ അതിര്‍ത്തികളിലുള്ള മദ്‌റസകള്‍ രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നതിന് യാതൊരു അറിവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജയ്‌സാല്‍മര്‍ ജില്ലയില്‍ മദ്‌റസയുമായി ബന്ധപ്പെട്ട ഒരു വ്യക്തി 2012ല്‍ ഔദ്യോഗിക രഹസ്യങ്ങളുമായി ബന്ധപ്പെട്ട കുറ്റത്തിന്റെ പേരില്‍ അറസ്റ്റിലായിരുന്നു. അതിര്‍ത്തി മേഖലയില്‍ സാഹചര്യങ്ങള്‍ വീക്ഷിക്കുന്നതിന് ആവശ്യമായ സുരക്ഷാ വിഭാഗങ്ങളെയും രഹസ്യാന്വേഷണ സംവിധാനങ്ങളെയും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Latest