പേയ്‌മെന്റ് സീറ്റ് വിവാദം: ലോകായുക്ത അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ

Posted on: December 17, 2014 6:50 pm | Last updated: December 17, 2014 at 7:28 pm

cpiകൊച്ചി: സി പി ഐയിലെ പേയ്‌മെന്റ് സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് നടപടി. പണം വാങ്ങി ബെന്നറ്റ് എബ്രഹാമിനെ തിരുവനന്തപുരത്ത് സിപിഐ സ്ഥാനാര്‍ത്ഥിയാക്കി എന്ന പരാതിയില്‍ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പാര്‍ട്ടി യോഗങ്ങളുടെ മിനുട്‌സും അന്വേഷണ റിപ്പോര്‍ട്ടും പരിശോധിക്കാനും അതില്‍ തുടരന്വേഷണം നടത്താനും ലോകായുക്തയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ നടപടികളാണ് ജസ്റ്റിസ് കെ മുഹമ്മദ് മുസ്താക്ക് സ്‌റ്റേ ചെയ്തത്. പാര്‍ടി സ്വമേധയാ നല്‍കുന്നില്ലെങ്കില്‍ മിനുട്‌സും റിപ്പോര്‍ട്ടും പിടിച്ചെടുക്കാനും ലോകായുക്ത ഉത്തരവിട്ടിരുന്നു. ഈ നടപടിയും ഹൈക്കോടതി സ്‌റ്റേ ചെയ്തു.

രാഷ്ട്രീയ പാര്‍ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ലോകായുക്തക്ക് അധികാരമില്ലെന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ ഹര്‍ജ്ജിയില്‍ വ്യക്തമാക്കിയത്. ഈ രീതിയില്‍ ഇടപെട്ടാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വരെ ലോകായുക്ത ഇടപെടുന്ന അവസ്ഥയുണ്ടാകുമെന്നും ഹര്‍ജ്ജിയില്‍ പറയുന്നു. സര്‍ക്കാരിന്റെ ഭരണകാര്യത്തില്‍ കേസെടുക്കാന്‍ മാത്രമേ ലോകായുക്തക്ക് നിയമപരമായ അധികാരമുള്ളൂ എന്നായിരുന്നു സിപിഐയുടെ വാദം. ഇത് അംഗീകരിച്ചാണ് ലോകായുക്തയുടെ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തത്.