ബഷീര്‍ റോഡില്‍ ബീവറേജ് ഷോപ്പ് കേന്ദ്രീകരിച്ച് സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടം

Posted on: December 17, 2014 10:49 am | Last updated: December 17, 2014 at 10:49 am

കോഴിക്കോട്: ബഷീര്‍ റോഡും പരിസരവും സാമൂഹിക ദ്രോഹികളുടെ താവളമായി മാറുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന ബീവറേജ് ഷോപ്പ് കേന്ദ്രീകരിച്ചാണ് സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടം.
പകല്‍ സമയങ്ങളില്‍ പോലും ഇതിലെ സാധാരണക്കാര്‍ക്ക് ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പകല്‍ സമയങ്ങളില്‍ മദ്യപിച്ച് ഉടുതുണിയില്ലാതെ ഫുട്പാത്തില്‍ കിടക്കുകയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അസഭ്യം പറയുകയും ചെയ്യല്‍ ഇവിടെ പതിവായിരിക്കുകയാണ്. മദ്യപാനികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടലും പോക്കറ്റടിയും പിടിച്ചുപറിയും കാരണം സമീപത്തെ വ്യാപാരികളടക്കം ഭയത്തോടെയാണ് കഴിയുന്നത്. സ്‌കൂള്‍ കുട്ടികളും റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള യാത്രക്കാരും അടക്കം നൂറ്കണക്കിന് പേര്‍ ദിവസവും യാത്ര ചെയ്യുന്ന ഇവിടെ വൈകുന്നേരമായാല്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. രാത്രിയായാല്‍ മറ്റു വഴികളാണ് ആളുകള്‍ ഉപയോഗിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
ബഷീര്‍ റോഡിലെ ബീവറേജിന് സമീപത്തുള്ള ചില ഒഴിഞ്ഞ ബില്‍ഡിംഗ് കേന്ദ്രീകരിച്ചും പൊതുഇടങ്ങളിലും പരസ്യമായി മദ്യപിച്ച് റോഡില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. ഏതാനും സ്ത്രീകളും അന്യ സംസ്ഥാനക്കാരും ഇവരുടെ സംഘത്തിലുണ്ട്. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വരെ ഇവിടം കേന്ദ്രീകരിച്ച് നടക്കുന്നതായി പ്രദേശത്തുകാര്‍ പറയുന്നു. രാത്രി എട്ട് മണി കഴിഞ്ഞാല്‍ പോലീസെത്തി സാമൂഹിക വിരുദ്ധരെ അടിച്ചോടിക്കാറുണ്ട്.
മദ്യപിച്ച് റോഡില്‍ കിടന്ന ആളിന്റെ പോക്കറ്റടിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് സംഘട്ടനം ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് ഇന്നലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം മുമ്പ് മദ്യപാനികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തലക്ക് കല്ല് കൊണ്ടുള്ള അടിയേറ്റ് ഒരാള്‍ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. പോക്കറ്റടിയും മറ്റും ശ്രദ്ധയില്‍പ്പെട്ട് ആരെങ്കിലും ചോദ്യം ചെയ്താല്‍ സംഘം ചേര്‍ന്ന് അക്രമിക്കും. നഗരമദ്യത്തില്‍ നടക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധരുടെയും അനാശാസ്യക്കാരുടെയും അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഇടപെടല്‍ വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.