Connect with us

Ongoing News

ധന, മരാമത്ത് മന്ത്രിമാര്‍ക്കെതിരെ വീണ്ടും പ്രതിപക്ഷം

Published

|

Last Updated

തിരുവനന്തപുരം;ധനമന്ത്രി കെ എം മാണിക്കും, പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹീംകുഞ്ഞ് എന്നിവര്‍ക്കെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍. സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ ധനമന്ത്രി ബജറ്റിലെ നികുതി നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയെന്നും, കരാര്‍തുക ക്രമവിരുദ്ധമായി വര്‍ധിപ്പിച്ചുനല്‍കിയതിലൂടെ പൊതുമരാമത്ത് മന്ത്രി, ധനമന്ത്രി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് എന്നിവര്‍ കോടികളുടെ അഴിമതി നടത്തിയെന്നുമാണ് പ്രതിപക്ഷം ആരോപിച്ചത്. പ്രതിപക്ഷത്തുനിന്നും ഡോ. തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, വി ശിവന്‍കുട്ടി എന്നിവരാണ് ഉപധനാഭ്യര്‍ഥന ചര്‍ച്ചക്കിടെ ആരോപണങ്ങള്‍ സഭയില്‍ രേഖാമൂലം ഉന്നയിച്ചത്. ബാര്‍ ഉടമകളില്‍ നിന്നും ഒരുകോടി രൂപ കോഴ വാങ്ങിയ ധനമന്ത്രി നികുതി ഇളവുകള്‍ നല്‍കുന്നതിനായി ക്വാറി, ക്രഷര്‍ ഉടമകളില്‍ നിന്നും നോര്‍ത്ത് ഇന്ത്യന്‍ മൈദമാവ് ലോബികളില്‍ നിന്നുമടക്കം 27.43 കോടി രൂപ കോഴ കൈപ്പറ്റിയതായി ഉപധനാഭ്യര്‍ഥന ചര്‍ച്ചക്കിടെ നിയമസഭയില്‍ രേഖാമൂലം എഴുതിനല്‍കിയാണ് യള ശിവന്‍കുട്ടി ആരോപണം ഉന്നയിച്ചത്.

ക്വാറി- ക്രഷര്‍ മുതലാളിമാരില്‍ നിന്നും രണ്ടു കോടി രൂപ കോഴ വാങ്ങി സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ കുറച്ചു കൊടുത്തു. രണ്ടു കോടി രൂപ കോഴ വാങ്ങി മൈദ മാവിന് ഉണ്ടായിരുന്ന നാലു ശതമാനം തീരുവ എടുത്തു കളഞ്ഞതിലൂടെ 800 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമുണ്ടായി. വടക്കേ ഇന്ത്യന്‍ മൈദമാവ് ലോബിയില്‍ നിന്നും ഇതിന്റെ പേരില്‍ പത്തു കോടി രൂപ കോഴ വാങ്ങി. ബില്‍ഡേഴ്‌സില്‍ നിന്നും നികുതി വര്‍ധിപ്പിക്കാതിരിക്കാന്‍ അഞ്ചു കോടി രൂപ കോഴ വാങ്ങി. സ്വര്‍ണക്കടത്ത് കോമ്പൗണ്ടിംഗ് സമ്പ്രദായവും കട പരിശോധനയും ബില്ലും ഒഴിവാക്കി കൊടുക്കാന്‍ രണ്ട് കോടി അഡ്വാന്‍സായി കൈക്കൂലി വാങ്ങി. 14.5 ശതമാനം നികുതി കുറച്ചുകൊടുക്കാമെന്നു ഉറപ്പു കൊടുത്ത് ബേക്കറി ഉടമകളില്‍ നിന്നു രണ്ട് കോടി വാങ്ങി. പെട്രോളിയം കമ്പനികളുടെതായി കേരളത്തില്‍ പുതുതായി തുടങ്ങുന്ന 1200 പമ്പുകള്‍ക്ക് അനുമതി നല്‍കാതിരിക്കാന്‍ നിയമങ്ങള്‍ കര്‍ക്കശമാക്കാന്‍ പമ്പുടമകളില്‍ നിന്നും മൂന്നു കോടി ആവശ്യപ്പെടുകയും അഡ്വാന്‍സായി മൂന്ന് ലക്ഷം കൈപ്പറ്റുകയും ചെയ്തു. മാണിയുടെ അളിയനു കമ്മിഷന്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് തുക കുത്തനെ വര്‍ധിപ്പിച്ചു. ഈ ഇടപാടിലൂടെ യുണൈറ്റെഡ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് 20 കോടി രൂപയെങ്കിലും മാണിക്കും ഭാര്യാസഹോദരന്‍ ബാബു തോമസിനും ലഭിക്കും.
2013 ഏപ്രില്‍ മൂന്ന് മുതല്‍ 2014 മാര്‍ച്ച് ഒന്ന് വരെ 64.15 കോടി രൂപയുടെ റവന്യു റിക്കവറി സ്റ്റേ നല്‍കിയതിലൂടെ 6.40 കോടി കോഴ കൈപ്പറ്റി. ആകെ വാങ്ങിയ 27.43 കോഴപ്പണത്തിന്റെ പത്തു ശതമാനം വീതം മണ്ഡലം കമ്മിറ്റിക്കും ജില്ലാകമ്മിറ്റിക്കും ബാക്കി 21.94 കോടി രൂപ മാണിക്ക് ലഭിച്ചതായും ശിവന്‍കുട്ടി ആരോപിച്ചു. ആയുര്‍വേദ സൗന്ദര്യവസ്തു ഉത്പന്നങ്ങളുടെ നികുതി 12 ശതമാനത്തില്‍ നിന്നു നാല് ശതമാനമായി കുറക്കുന്നതിന് മാണി കൈക്കൂലി വാങ്ങിയെന്ന് വി എസ് സുനില്‍കുമാര്‍ ആരോപിച്ചു. ഇതുകൂടാതെ അഴിമതി നടത്തിയെന്നു വിജിലന്‍സ് കണ്ടെത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിച്ചതിലൂടെയും മാണി അഴിമതിക്കു കൂട്ടുനില്‍ക്കുന്നതായി ആരോപിച്ച സുനില്‍കുമാര്‍ സ്വകാര്യ കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കിയതിലൂടെ സംസ്ഥാനത്തിന് ഉണ്ടായ കോടികളുടെ നഷ്ടം നിയമസഭാ സമിതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
രാര്‍ ഉറപ്പിച്ചശേഷം കരാര്‍ തുക പുതുക്കിനല്‍കുന്നതിന് പിന്നില്‍ വലിയ അഴിമതി നടന്നിട്ടുണ്ട് ധനമന്ത്രിയും, പൊതുമരാമത്ത് മന്ത്രിയും അഴിമതിയില്‍ പങ്കാളികളാണ്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന സൂരജാണ് ഈ അഴിമതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. കരാര്‍ തുക പുതുക്കി നല്‍കാനായി ചെലവഴിച്ച 1500 കോടിയുടെ പത്തുശതമാനം കമ്മീഷനായിപോയിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
അതേസമയം പൊതുമരാമത്ത് മന്ത്രിയുടെ മറുപടിക്ക് ശേഷം ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കെ എം മാണി എണീറ്റതോടെ മുദ്രാവാക്യം വിളിയോടെ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നു. എന്നാല്‍ ധനമമന്ത്രിയുടെ മറുപടി തന്റേടം പ്രതിപക്ഷത്തിനില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ മറുപടി പറഞ്ഞ മന്ത്രി കെ എം മാണി ആരോപണങ്ങള്‍ പച്ചക്കള്ളവും അടിസ്ഥാനരഹിതവുമാണെന്ന് പ്രതികരിച്ചു. ആരോപണങ്ങളുടെ പേരില്‍ രാജി വെക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ സഭാനടപടികള്‍ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപോയി. പ്രഥമദൃഷ്ട്യാ തെറ്റുകാരനാണെന്ന് ബോധ്യപ്പെടാതെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പേരില്‍ രാജിവെക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ 2014-15 സാമ്പത്തിക വര്‍ഷത്തെ ഉപധനാഭ്യര്‍ഥനകളും അധിക ധനാഭ്യര്‍ഥനകളും സഭ വോട്ടിനിട്ട് പാസാക്കി.

 

Latest