ഐ സി സിയില്‍ അംഗത്വം: ഏകാഭിപ്രായമെന്ന് ഫലസ്തീന്‍

Posted on: December 17, 2014 6:00 am | Last updated: December 16, 2014 at 10:51 pm

ജറൂസലം: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐ സി സി)യില്‍ അംഗമാകുന്നതിന് യോജിച്ച അഭിപ്രായമാണ് തങ്ങള്‍ക്കുള്ളതെന്ന് ഫലസ്തീന്‍. ഇസ്‌റാഈല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനും തയ്യാറാണെന്ന് ഫലസ്തീന്‍ വ്യക്തമാക്കി. ആദ്യമായി ഐ സി സി അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഫലസ്തീന്‍ അംഗങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമാധാനപരമായ ഒരു സംവിധാനമായാണ് തങ്ങള്‍ കാണുന്നതെന്നും ഇതുവഴി അനീതിക്കെതിരെ ശബ്ദിക്കാന്‍ തങ്ങള്‍ക്കാകുമെന്നും ഫലസ്തീന്റെ യു എസ് അംബാസിഡര്‍ റിയാദ് മന്‍സൂര്‍ പറഞ്ഞു. ഐ സി സിയില്‍ അംഗങ്ങളായ രാജ്യങ്ങളില്‍ നിന്നുള്ള 122 പേര്‍ ഈ സമയത്ത് ശ്രോതാക്കളായി ഉണ്ടായിരുന്നു.
ഫലസ്തീന്‍ ജനത നീതി ആവശ്യപ്പെടുന്ന കോടതിയാണ് ഐ സി സി. മനുഷ്യരാശിക്കെതിരെ യുദ്ധക്കുറ്റം ചെയ്തവര്‍ക്കെതിരെ നീതി നടപ്പാക്കണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌റാഈലിനെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു.
നിരീക്ഷകരായി ഫലസ്തീനെ ഐ സി സിയിലേക്ക് ക്ഷണിച്ച ഇതിന്റെ അംഗങ്ങളോട് ഫലസ്തീന്‍ ജനത നന്ദിയുള്ളവരായിരിക്കും. 2012ല്‍ ഐക്യരാഷ്ട്ര സഭയുടെ വോട്ട് ലഭിച്ച ശേഷമാണ് ഐ സി സിയില്‍ അംഗത്വം നേടുന്നതിനുള്ള അവസരം ലഭിക്കുന്നത്. 51 ദിവസത്തെ ഗാസ യുദ്ധത്തിനിടെ ഇസ്‌റാഈല്‍ നിരവധി മനുഷ്യത്വ വിരുദ്ധ യുദ്ധക്കുറ്റങ്ങള്‍ ചെയ്തു. ഇതിന് പുറമെ സാധാരണക്കാരായ ഫലസ്തീനികളുടെ വീടുകള്‍ ബോംബിട്ടു തകര്‍ത്തു. ഐ സി സിയില്‍ അംഗത്വം നേടുന്നതിനെതിരെ ഇസ്‌റാഈലും അമേരിക്കയും നടത്തുന്ന ഭീഷണികള്‍ തള്ളിക്കളയുന്നതായും മന്‍സൂര്‍ കൂട്ടിച്ചേര്‍ത്തു.
ഗാസ യുദ്ധത്തിനിടെ സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാകുന്നത് പരമാവധി ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഇസ്‌റാഈല്‍ വാദിക്കുന്നത്. 50ലേറെ ദിവസം നീണ്ടുനിന്ന യുദ്ധത്തിനിടെ 2,100ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതിന് പുറമെ യു എന്നിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെയും ഇസ്‌റാഈല്‍ സൈന്യം നിഷ്ഠൂരമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ എതിര്‍പ്പാണ് രേഖപ്പെടുത്തിയിരുന്നത്.