Connect with us

International

ഫലസ്തീന്‍ അധിനിവേശം: യു എന്‍ ഇടപെടലുകളെ ഇസ്‌റാഈല്‍ അവഗണിക്കുന്നു

Published

|

Last Updated

ജറൂസലം: ഇസ്‌റാഈലിന്റെ ജൂത കുടിയേറ്റ പദ്ധതിക്കെതിരെ ഐക്യരാഷ്ട്ര സഭ വഴി ഫലസ്തീന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി തള്ളിക്കളഞ്ഞു.
തങ്ങള്‍ക്കെതിരെ കൃത്യമായി തീയതിയും സമയവും മുന്നോട്ട് വെച്ച് നടത്തുന്ന എല്ലാ ശ്രമങ്ങളും സ്വീകാര്യമല്ലെന്ന് നെതന്യാഹു സൈനിക റേഡിയോ വഴി നല്‍കിയ സന്ദേശത്തില്‍ വ്യക്തമാക്കി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി കൂടിക്കാഴ്ച നടത്താന്‍ റോമിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പായാണ് ഇത്തരമൊരു വാദം അദ്ദേഹം മുന്നോട്ടുവെച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇസ്‌റാഈല്‍ ഫലസ്തീനില്‍ നടത്തുന്ന അധിനിവേശങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു എന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ഫലസ്തീന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് നെതന്യാഹുവിന്റെ പ്രസ്താവനയെ വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ ഈ പ്രമേയത്തെ അമേരിക്ക തള്ളിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ല. വോട്ടെടുപ്പ് സംബന്ധിച്ച കാര്യങ്ങളും കെറിയുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തും. കിഴക്കന്‍ ജറൂസലമില്‍ നിന്നും വെസ്റ്റ്ബാങ്കില്‍ നിന്നും പിന്മാറുന്ന കാര്യം കഴിഞ്ഞ ദിവസം നെതന്യാഹു തള്ളിക്കളഞ്ഞിരുന്നു.
യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളില്‍പ്പെട്ട രാജ്യങ്ങള്‍ ഇസ്‌റാഈലിനും ഫലസ്തീനും ഇടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സമാധാന ചര്‍ച്ചകളിലൂടെയും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കുന്നതിലൂടെയും മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകൂ എന്ന് വിശ്വസിക്കുന്നവരാണ് നിരവധി യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍.

Latest