സിഡ്‌നിയില്‍ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിച്ചു

Posted on: December 15, 2014 10:35 pm | Last updated: December 16, 2014 at 9:11 am

സിഡ്‌നി: ആസ്‌ത്രേലിയന്‍ നഗരമായ സിഡ്‌നിയിലെ കഫേയില്‍ ആയുധധാരി ബന്ദികളാക്കിയ ഇന്ത്യക്കാരനുള്‍പ്പെടെയുളളവരെ പോലീസ് മോചിപ്പിച്ചു. പതിനാറ് മണിക്കൂര്‍ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ബന്ദികളെ മോചിപ്പിച്ചത്. ആയുധധാരിയുമായി സന്ധിസംഭാഷണങ്ങള്‍ക്ക് ശ്രമിച്ച ശേഷം അവസാനമാണ് പോലീസ് നടപടി ശക്തമാക്കിയത്. ഇറാനില്‍ നിന്നുള്ള അഭയാര്‍ഥിയായ ഹാറൂണ്‍ മോനിസ് ആണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ആസ്‌ത്രേലിയയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ദൗത്യത്തിനിടെ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഇന്‍ഫോസിസിലെ ജീവനക്കാരനായ ഇന്ത്യക്കാരനുള്‍പ്പെടെ മുപ്പതിലധികം പേരെയാണ് തോക്കുധാരി ബന്ദികളാക്കിയത്. സിഡ്‌നിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നാനൂറ് മീറ്റര്‍ മാത്രം അകലെയുള്ള ലിന്റ് ചോക്ലേറ്റ് കഫേയില്‍ ഇന്നലെ പ്രാദേശിക സമയം 9.40 ഓടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.10) സംഭവം. ബന്ദികളാക്കപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായി തോക്കുധാരിയുമായി നടത്തുന്ന സന്ധിസംഭാഷണം ഇന്നലെ രാത്രിയിലും തുടര്‍ന്നു. തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഫോര്‍ ഇറാഖ് ആന്‍ഡ് ലെവന്തിന്റെ (ഇസില്‍) പതാകക്ക് സമാനമായ പതാക കഫേയുടെ ജനലിന് മുന്നില്‍ പതിച്ചിട്ടുണ്ട്. എന്നാല്‍, ഇത് ഇസിലിന്റെ പതാകയാണോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇസിലിനെതിരെ പ്രവര്‍ത്തിക്കാന്‍ ആസ്‌ത്രേലിയ തീരുമാനിച്ചതിനു പിന്നാലെയാണ് സംഭവം നടന്നത്.
ഇന്നലെ രാവിലെ അഞ്ച് പേര്‍ രക്ഷപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിഡ്‌നിയിലെ തിരക്കേറിയ വ്യാപാര മേഖലയായ മാര്‍ട്ടിന്‍ പ്ലേസിന് സമീപത്താണ് ് ചോക്ലേറ്റ് കഫേ. സംഭവത്തെ തുടര്‍ന്ന് സമീപത്തുള്ള ഒപേറ ഹൗസ് ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. ഇന്ത്യയുടേതുള്‍പ്പെടെയുള്ള കോണ്‍സുലേറ്റുകള്‍ ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് അടച്ചിട്ടു. ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. റിസര്‍വ് ബേങ്ക് ഓഫ് ആസ്‌ത്രേലിയ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിക്കുന്നത് മാര്‍ക്കറ്റ് പ്ലേസിലാണ്.
രാവിലെ മാര്‍ട്ടിന്‍ പ്ലേസിലേക്ക് ജോലിക്കാര്‍ എത്തിത്തുടങ്ങുമ്പോഴാണ് സംഭവം നടന്നത്. ലിന്‍ഡ് ചോക്ലേറ്റ് കഫേയിലേക്ക് അജ്ഞാതനായ തോക്കുധാരി പ്രവേശിക്കുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ പത്ത് ജീവനക്കാരും മുപ്പത് ഉപഭോക്താക്കളുമാണ് കഫേയില്‍ ഉണ്ടായിരുന്നത്. കെട്ടിടം പോലീസ് വളഞ്ഞിരിക്കുകയാണ്. പോലീസ് കെട്ടിടം വളഞ്ഞതോടെ ആദ്യം മൂന്ന് പേരും പിന്നീട് രണ്ട് പേരും കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. തോക്കുധാരി ഇവരെ മോചിപ്പിച്ചതാണോ ഇവര്‍ രക്ഷപ്പെട്ടതാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.
തന്റെ ആവശ്യങ്ങള്‍ തോക്കുധാരി മാധ്യമ സ്ഥാപനങ്ങളെ അറിയിച്ചെങ്കിലും അത് റിപ്പോര്‍ട്ട് ചെയ്യരുതെന്ന് പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചോക്ലേറ്റ് കഫേക്ക് സമീപത്ത് ഓഫീസുള്ള ചാനല്‍ സെവന്‍ ആണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. കഫേക്ക് അകത്തും സിറ്റിയുടെ വിവിധ ഭാഗങ്ങളിലും ബോംബുകള്‍ സ്ഥിപിച്ചിട്ടുണ്ടെന്ന് ആയുധധാരി പോലീസിനെ അറിയിച്ചിരുന്നു.
സംഭവത്തെ ഏറെ പ്രാധാന്യത്തോടെ കാണുന്നുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു. സംഭവം രാഷ്ട്രീയപ്രേരിതമാണെന്നും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിന് ശേഷം അബോട്ട് പറഞ്ഞു. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സുരീന്ദര്‍ ദത്ത പറഞ്ഞു.