യു എസില്‍ പ്രക്ഷോഭം ശക്തം

Posted on: December 15, 2014 4:36 am | Last updated: December 15, 2014 at 9:38 am

us protestവാഷിംഗ്‌ടെണ്‍: ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ നടക്കുന്ന വംശീയ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ കറുത്തവര്‍ഗക്കാരുടെ കൂറ്റന്‍ റാലികള്‍. വെള്ളക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ വധിച്ച കറുത്ത വര്‍ഗക്കാരുടെ നീതിക്കു വേണ്ടിയാണ് ‘കറുത്തവര്‍ക്കും ജീവിക്കണം, ശ്വസിക്കണം’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ശനിയാഴ്ച കറുത്തവര്‍ഗക്കാര്‍ തലസ്ഥാന നഗരം കൈയടക്കിയത്. കറുത്ത വര്‍ഗക്കാരായ എറിക്ക് ഗാര്‍ണര്‍, മൈക്കിള്‍ ബ്രൗണ്‍ എന്നിവരെയാണ് കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വെടിവെച്ച് കൊന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട മധ്യസ്ഥ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധം വ്യാപകമായത്. തലസ്ഥാന നഗരമായ വാഷിംഗ്ടണില്‍ നടന്ന റാലിയില്‍ ആയിരക്കണക്കിന് ആമേരിക്കന്‍ പൗരന്‍മാരാണ് പങ്കെടുത്തത്. ന്യൂയോര്‍ക്കിലും സാന്‍ഫ്രാന്‍സ്‌കോയിലും ബോസ്റ്റണിലും കറുത്തവര്‍ഗക്കരുടെ നീതിക്കായി കൂറ്റന്‍ പ്രതിഷേധ സമരങ്ങളാണ് അരങ്ങേറിയത്. ബോസ്റ്റണില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ഇരുപതോളം പേരെ അറസ്റ്റ്‌ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. എറിക് ഗാര്‍ണറുടെ കൊലപാതകത്തില്‍ പോലീസ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെ തുടര്‍ന്നാണ് പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമാകുന്നത്.