Connect with us

Kerala

വാളകം കേസില്‍ സി ബി ഐ അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ ദുരൂഹത

Published

|

Last Updated

കൊട്ടാരക്കര: വാളകം കേസില്‍ സി ബി ഐ അന്വേഷണം ഈ മാസം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ ദുരൂഹത. സി ബി ഐ സംഘത്തിലേക്ക് കേരള പോലീസ് അംഗങ്ങള്‍ ചേക്കേറിയത് കേസ് അട്ടിമറിക്കാനെന്ന് ആരോപണമുയര്‍ന്നു. നിലവിലുള്ള അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കാട്ടി അധ്യാപകന്‍ കൃഷ്ണകുമാര്‍ സി ബി ഐ ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഇതിന്റെ തുടര്‍ നടപടികളാകും മുമ്പെ അന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനാണ് സി ബി ഐ സംഘത്തിന്റെ തീരുമാനം. സി ബി ഐ സംഘത്തില്‍ തുടക്കം മുതല്‍ ഉണ്ടായിരുന്നവരെ പൂര്‍ണമായി മാറ്റി കേരളാ പോലീസില്‍ നിന്നും ഡപ്യൂട്ടേഷന്‍ വഴി മൂന്ന് പേരെ അന്വേഷണ സംഘത്തിലേക്ക് തിരുകി കയറ്റുകയായിരുന്നു. ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളും ഉണ്ടായിരുന്നുവത്രെ. എസ് ഐ ഷൈലേഷ്, മറ്റ് ഉദ്യോഗസ്ഥരായ മനോജ് കുമാര്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഇത്തരത്തില്‍ വാളകം കേസുമായി ബന്ധപ്പെട്ട് സി ബി ഐയില്‍ എത്തിപ്പെട്ടവരാണ്. 2011 സെപ്തംബര്‍ 27ന് രാത്രി 10നായിരുന്നു മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയുടെ സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാറിനെ പരുക്കേറ്റ നിലയില്‍ വാളകം എം എല്‍ എ ജംഗ്ഷനില്‍ കണ്ടെത്തിയത്. കൃഷ്ണകുമാറിനെ അന്ന് തന്നെ ആദ്യം പരിശോധിച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. ഐ വിജയശ്രീ മൂര്‍ച്ചയുള്ള ആയുധം കൊണ്ടുള്ള പരുക്കെന്ന് വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് അന്വേഷിച്ച പോലീസ് ഇത് അപകടം മൂലം സംഭവിച്ച പരുക്കെന്ന തരത്തിലാണ് അന്വേഷിച്ചത്. സ്‌കൂള്‍ മാനേജരായ പിള്ളക്ക് ഇതുമായി ബന്ധമുണ്ടെന്ന് ആദ്യ ദിവസം മുതല്‍ ആരോപിക്കപ്പെട്ടിരുന്നു. പിന്നീട് കേസ് സി ബി ഐക്ക് വിട്ടപ്പോള്‍ എസ് പി രഘുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആദ്യഘട്ട അന്വേഷണത്തില്‍ തന്നെ ഇത് അക്രമം മൂലം സംഭവിച്ച പരുക്കെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്വേഷണം പിള്ളയുമായി ബന്ധപ്പെട്ടവരിലേക്ക് നീണ്ടതോടെ എസ് പി രഘുകുമാറിനെ സ്ഥലം മാറ്റി. പിന്നീട് എ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിച്ചപ്പോള്‍ അദ്ദേഹത്തെയും സ്ഥലം മാറ്റി. പിന്നീട് എസ് പി ജോസ് മോഹന്റെയും ഡി വൈ എസ് പി ഹരികുമാറിന്റെയും നേതൃത്വത്തില്‍ അന്വേഷണം പുനരാരംഭിച്ചപ്പോള്‍ മുതല്‍ കേസ് വഴിതിരിക്കപ്പെട്ടുവെന്നാണ് ആരോപിക്കപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് വീണ്ടും സി ബി ഐ ഡയറക്ടര്‍ക്കും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും പരാതി നല്‍കുമെന്ന് കൃഷ്ണ കുമാര്‍ പറഞ്ഞു.

Latest