സഞ്ചാര സ്വാതന്ത്ര്യമില്ല; മാവോയിസ്റ്റ് വേട്ടക്കായി എത്തിയ പൊളാരിസ് വിശ്രമത്തില്‍

Posted on: December 15, 2014 5:31 am | Last updated: December 14, 2014 at 11:32 pm

mavoist-polaris vehicle-knrപേരാവൂര്‍: റോഡിലൂടെ സഞ്ചരിക്കാന്‍ അനുമതിയില്ലാത്തത് കാരണം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത വാഹനമായ പൊളാരിസ് പേരാവൂര്‍ പോലീസ് സ്റ്റേഷനില്‍ വിശ്രമത്തില്‍.
കേരളത്തിലെ വനങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന തെളിവുകള്‍ ലഭിച്ചതോടെയാണ് ഇരുപത്തിരണ്ട് ലക്ഷം രൂപ വിലവരുന്ന അമേരിക്കന്‍ നിര്‍മിതമായ നാല് പോളാരിസ് വാഹനങ്ങള്‍ കേരളത്തിലെത്തിച്ചത്. ഇതില്‍ ഒന്നാണ് പേരാവൂരിലുള്ളത്. വാഹനം കൊണ്ടുവന്നിട്ട് 10 മാസം ആയെങ്കിലും മാവോയിസ്റ്റ് വേട്ടക്കായി ഇതു വരെ ഈ വാഹനം ഉപയോഗിച്ചിട്ടില്ല.
ആള്‍ ടെറയിന്‍ ഓഫ് ദ് റോഡ് വിഭാഗത്തില്‍പ്പെട്ട പൊളാരിസിന് റോഡിലൂടെ സഞ്ചരിക്കാന്‍ അനുമതിയില്ലാത്തത് കാരണം വാഹനത്തിന് വനമേഖലയിലേക്ക് പോകാന്‍ മറ്റ് വാഹനത്തെ ആശ്രയിക്കണം. വനത്തിനുള്ളിലൂടെയുള്ള ദുര്‍ഘടമായ വഴികളിലൂടെ അനായാസം സഞ്ചരിക്കാവുന്ന ഈ വാഹനം പ്രത്യേക രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. 60 ഡിഗ്രി ചെരിഞ്ഞ് സഞ്ചരിക്കാനും ആറ് പേര്‍ക്ക് യാത്ര ചെയ്യാനും 500 കിലേ ഭാരം കയറ്റാനും പൊളാരിസ് വാഹനത്തിന് കഴിയും. വാഹനം ഓടിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച പോലീസുകാര്‍ പേരാവൂര്‍ സ്റ്റേഷനില്‍ ഉണ്ടെങ്കിലും മാവോയിസ്റ്റ് വേട്ടക്കായി ഒരിക്കല്‍ പോലും ഈ വാഹനം ഉപയോഗിച്ചിട്ടില്ല.