Connect with us

National

ഇന്ത്യ-റഷ്യ ബന്ധത്തില്‍ അമേരിക്ക ഇടപെടും; വ്യാപാര കരാറുകള്‍ റദ്ദാക്കാന്‍ സമ്മര്‍ദം ചെലുത്തും

Published

|

Last Updated

വാഷിംഗ്ടണ്‍/ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനത്തിലും ഇരുപതോളം കറാറുകള്‍ ഒപ്പുവെച്ചതിലും അമേരിക്കക്ക് അതൃപ്തി. ഉക്രൈന്‍ വിഷയത്തില്‍ റഷ്യക്കെതിരെ കടുത്ത ഉപരോധം പ്രഖ്യാപിച്ചിരിക്കെ ഇന്ത്യയെപ്പോലെ വന്‍ വ്യാപാര സാധ്യതയുള്ള രാഷ്ട്രം കരാറിലെത്തുന്നത് ഉപരോധത്തിന്റെ ശക്തി കുറയ്ക്കുമെന്നാണ് അമേരിക്കയുടെ കണക്ക് കൂട്ടല്‍. അതിനാല്‍ ഊര്‍ജ, സൈനിക രംഗങ്ങളിലെ കരാറുകള്‍ അനുവദിച്ചാലും വ്യാപാര ഉടമ്പടികള്‍ പ്രാവര്‍ത്തികമാകുന്നത് തടയുക തന്നെയാണ് അമേരിക്കയുടെ ലക്ഷ്യം. ഇതിനായി വ്യാപാര കരാറുകളില്‍ നിന്ന് പിന്‍വാങ്ങാന്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പരസ്യമായി നിഷ്‌കര്‍ഷിക്കും. ബരാക് ഒബാമ ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഇത്തരം കരാറുകള്‍ റദ്ദാക്കുന്നതിനുള്ള അന്തിമ തീരുമാനമെടുപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യും. ഇമേരിക്കന്‍ കമ്പനികള്‍ വഴി വന്‍ വാഗ്ദാനങ്ങള്‍ നല്‍കിയും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വിപണി വാഗ്ദാനം ചെയ്തുമായിരിക്കും ഇത് സാധ്യമാക്കുക. എന്നാല്‍ പരമ്പരാഗത സഖ്യ രാഷ്ട്രമായ റഷ്യയെ തഴയേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാറിന് ഇപ്പോഴുള്ളത്.
ഉക്രൈനില്‍ റഷ്യ ശക്തമായ ഇടപെടല്‍ നടത്തുകയാണെന്നും ഈ ഘട്ടത്തില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും യു എസ് വിദേശകാര്യ വക്താവ് ജെന്‍ സാകി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ റഷ്യയുമായി ഇന്ത്യ സാധാരണ ബന്ധം പുലര്‍ത്തിയതും കരാറുകളില്‍ ഒപ്പു വെച്ചതും ശരിയായില്ല. അമേരിക്കയുടെ സഖ്യ ശക്തികള്‍ കൃത്യമായ ലക്ഷ്യ ബോധത്തോടെ തീരുമാനങ്ങളെടുക്കണമെന്നാണ് ആഗ്രഹമെന്നും സാകി പറഞ്ഞു. എന്നാല്‍ ഈ അഭിപ്രായം ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തെ ബാധിക്കില്ല. അടുത്ത മാസം 26ന് അദ്ദേഹം ഇന്ത്യയിലെത്തുക തന്നെ ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി.
ഇന്ത്യയും റഷ്യയും 12 ആണവ നിലയങ്ങള്‍ സംയുക്തമായി നിര്‍മിക്കാനുള്ള കരാറില്‍ ഒപ്പു വെച്ചുവെന്നത് അമേരിക്ക നിരീക്ഷിച്ച് വരികയാണ്. റഷ്യയുമായി പഴയ നിലയിലുള്ള ബന്ധം തുടരരുതെന്ന് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടും. ഉക്രൈനില്‍ റഷ്യ എന്താണ് ചെയ്യുന്നതെന്ന് ഇന്ത്യ മനസ്സിലാക്കണമെന്നും അത്തരം കാര്യങ്ങളെ പിന്തുണക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.

Latest