അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശത്തുടക്കം

Posted on: December 14, 2014 11:06 am | Last updated: December 14, 2014 at 11:06 am

മലപ്പുറം: സോക്കര്‍ പ്രേമികള്‍ക്ക് കളിയാരവമേകി ദക്ഷിണേന്ത്യാ അന്തര്‍ സര്‍വകലാശാല ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശ തുടക്കം. മികവുറ്റ പോരിനും ടീമുകളുടെ തകര്‍ന്നടിയലിനും ആദ്യ ദിനം സാക്ഷിയായി. നാല് പൂളിലും ഉയര്‍ന്ന മാര്‍ജ്ജിനാണ ്‌ജേതാക്കളുടെ മുന്നേറ്റം.
ചില ടീമുകള്‍ എത്താത്തത് സംഘാടകരെയും കാണികളേയും ഒരു പോലെ നിരാശരാക്കി. 12 ടീമുകളില്‍ മൂന്ന് ടീമുകള്‍ പങ്കെടുത്തില്ല. പൂള്‍ എ മത്സര വേദിയായ മഞ്ചേരി എന്‍ എസ് എസ് കോളജിലെ ആദ്യ മത്സരത്തില്‍ കകാറ്റിയ വാറന്‍ഗല്‍ യൂണിവേഴ്‌സിറ്റി എത്താതിരുന്നതിനാല്‍ ഗുള്‍ഭര്‍ഗ യൂണിവേഴ്‌സിറ്റി വാക്കേവര്‍ നേടി. രണ്ടാം മത്സരത്തില്‍ യു എ എസ് ബാംഗ്ലൂരിനെതിരെ റാണിചന്നമ്മ ബെല്‍ഗാവി രണ്ടു ഗോളിന് വിജയിച്ചു. ഇ എം ഇ എ കോളജ് കൊണ്ടോട്ടിയിലെ പൂള്‍ ബിയിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയെ എതിരില്ലാത്ത ആറു ഗോളിന് തിരുച്ചിറപ്പള്ളി ഭാരതീ ദര്‍ശന്‍ മുട്ടുകുത്തിച്ചു. ഫാറുഖ് കോളജിലെ പൂള്‍ സി മത്സരത്തില്‍ ശ്രി വെങ്കിടേശ്വര തിരുപ്പതി യൂണിവേഴ്‌സിറ്റിക്കെതിരെ ഗോള്‍ വര്‍ഷവുമായി പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വിജയ തേരോട്ടത്തിന് തുടക്കമിട്ടു. പോണ്ടിച്ചേരി പതിനാറ് ഗോളുകള്‍ നേടിയപ്പോള്‍ തിരുപ്പതിക്ക് ഒരു ഗോളേ മടക്കാനായുള്ളൂ. രാമകൃഷ്ണ മിഷനെതിരെയുള്ള മത്സരത്തില്‍ ചെന്നൈ അമിറ്റ് യൂണിവേഴ്‌സിറ്റി പങ്കടുത്തില്ല. കാലിക്കറ്റ് സര്‍വകലാശാലയിലെ പൂള്‍ ഡി ആദ്യ മത്സരത്തില്‍ കോയമ്പത്തൂര്‍ കറുപകം യൂണിവേഴ്‌സിറ്റി പങ്കെടുത്തില്ല.
കരീം നഗര്‍ സതവാഹന യൂണിവേഴ്‌സിറ്റിയായിരുന്നു എതിരാളികള്‍. തുടര്‍ന്ന് നടന്ന മത്സരത്തില്‍ വിനായക യൂണിവേഴ്‌സിറ്റി തുംകൂര്‍ യൂണിവേഴ്‌സിറ്റിയെ എട്ടു ഗോളിന് പരായപ്പെടുത്തി. ഇന്ന് മുതല്‍ 18 വരെ ഓരോ പൂളിലും നാല് വീതം മത്സരങ്ങള്‍ നടക്കും. 19 മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരവും അവസാന റൗണ്ട് മത്സരങ്ങളും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. ഇന്ന് വിവിധ പൂള്‍ മത്സരങ്ങളില്‍ 32 ടീമുകളാണ് മത്സരിക്കുക. കുസാറ്റ്, കാര്‍ഷിക സര്‍വകലാശാല, കേരള സര്‍വകലാശാല ടീമുകളും ഇന്ന് കളത്തിലിറങ്ങും.