Connect with us

National

സുപ്രീം കോടതിയുടെ ശാസനകള്‍ സി ബി ഐക്ക് പാഠമെന്ന് പുതിയ മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ നിന്നുള്ള ശാസനകള്‍ സി ബി ഐക്ക് പാഠമാണെന്ന് ഏജന്‍സിയുടെ പുതിയ മേധാവി അനില്‍ കുമാര്‍ സിന്‍ഹ. ഏതെങ്കിലും കേസില്‍ സി ബി ഐ രൂക്ഷമായി വിമര്‍ശിക്കപ്പെടുമ്പോള്‍ നിരാശ തോന്നുകയല്ല, തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുകയും മുന്നോട്ട് പോകാനുള്ള ഊര്‍ജം കൈവരിക്കുകയുമാണ് ചെയ്യുന്നതെന്ന് അജന്‍ഡ ആജ് തക് -2014ല്‍ അദ്ദേഹം പറഞ്ഞു. ചില കേസുകള്‍ സുപ്രീം കോടതി നിരീക്ഷിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിവാദങ്ങള്‍ക്കൊടുവില്‍ സ്ഥാനമൊഴിഞ്ഞ രഞ്ജിത് സിന്‍ഹയുടെ പിന്‍ഗാമിയായി ഈ മാസം മൂന്നിനാണ് അനില്‍ കുമാര്‍ സിന്‍ഹ ചുമതലയേറ്റത്.
സി ബി ഐക്ക് നല്ല കഴിവുള്ള ഉദ്യോഗസ്ഥ വൃന്ദം ഉണ്ട്. നല്ല കാര്യക്ഷമതയും ഉണ്ട്. എന്നാല്‍ വന്‍ അഴിമതി കേസുകളില്‍ അതിനനുസരിച്ച് മുന്നേറാന്‍ സാധിക്കുന്നില്ല. ശാരദാ കേസ് പോലുള്ളവയില്‍ സി ബി ഐ അതിന്റെ ഉത്തരവാദിത്വവുമായി മുന്നോട്ട് പോകുകയാണ് ചെയ്യുന്നത്. അത് ആരെയൊക്കെ ബാധിക്കുമെന്നോ എന്ത് പ്രത്യാഘാതമുണ്ടാകുമെന്നോ ചിന്തിക്കാറില്ല. അങ്ങേയറ്റം അര്‍പ്പണ ബോധമുള്ള പ്രത്യേക സംഘമാണ് ശാരദാ ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്നതെന്നും സിന്‍ഹ പറഞ്ഞു.
1979 ബീഹാര്‍ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥനാണ് അനില്‍ കുമാര്‍ സിന്‍ഹ. നേരത്തേ അദ്ദേഹം വിജിലന്‍സ്, ആന്റി കറപ്ഷന്‍ അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

Latest