Connect with us

Ongoing News

ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ ക്ലിഫ്ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം

Published

|

Last Updated

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തിച്ചാര്‍ജില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. പ്രിന്‍സിപ്പല്‍മാരുടെ ജോലി ഭാരം ആഴ്ചയില്‍ ആറ് പിരിയഡായി കുറക്കുക, ആവശ്യത്തിന് ഓഫീസ് ജീവനക്കാരെ നിയമിക്കുക, സ്‌കൂള്‍ സമയക്രമം പുനഃക്രമീകരിക്കുകയും ടൈംടേബിളിലെ അപാകങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് േകരള ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
അധ്യാപകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ബാരിക്കേഡുകള്‍ കടന്ന് പോകാന്‍ അധ്യാപകര്‍ ശ്രമിച്ചതോടെ പോലീസ് തടഞ്ഞു. ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയത്. ഇതില്‍ സെബ്യാസ്റ്റന്‍, ഫഹദുല്ല, സക്കീര്‍ എന്നിവര്‍ക്ക് പരുക്കേറ്റു. മൂവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പോലീസ് അകാരണമായി മര്‍ദിച്ചതായി ആരോപിച്ച് സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നന്ദാവനം ക്യാമ്പില്‍ എത്തിച്ച അധ്യാപകരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ പ്രകടനമായി ജനറല്‍ ആശുപത്രിയിലേക്കും മാര്‍ച്ച് നടത്തി. പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടക്കുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷ പ്രിന്‍സിപ്പല്‍മാര്‍ ബഹിഷ്‌കരിക്കും.
ദേവസ്വം ബോര്‍ഡ് ഫെഡറല്‍ ബേങ്കിന് മുമ്പില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് നേതാക്കളായ ജി അബൂബക്കര്‍, കെ ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് ദേവസ്വം ബോര്‍ഡിന് മുമ്പില്‍ പോലീസ് തടഞ്ഞു. കെ ടി ജലീല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പ്രിന്‍സിപ്പല്‍മാരുടെ അധിക ജോലി ഭാരം കുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അസോസിയേഷന്‍ നേതാക്കളായ ജി ജയചന്ദ്രന്‍ നായര്‍, എച്ച് സൈനുദ്ദീന്‍, ടി പി ജോയ് എന്നിവര്‍ പ്രസംഗിച്ചു.