Connect with us

Kerala

വീട്ടമ്മ കാറിടിച്ച് മരിച്ച സംഭവം: ആസൂത്രിത കൊലപാതം

Published

|

Last Updated

കരുനാഗപ്പള്ളി: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കുലശേഖരപുരം നീലികുളം വയ്യാവീട്ടില്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ ഷീല (57) കാറിടിച്ച് മരിച്ച കേസില്‍ നാലാം പ്രതിയായ ആലപ്പുഴ അമ്പലപ്പുഴ ചേപ്പാട് മുട്ടം ഇഞ്ചക്കോട്ടേജില്‍ ശിവന്‍കുട്ടി (52) ആണ് പിടിയിലായത്.

കൊലപാതകത്തിന് ഉപയോഗിച്ച ടവേര കാര്‍ ഇയാളുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തി. കാര്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി അപകടത്തിന് ഉപയോഗിച്ച വാഹനം തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കേസിലെ ഒന്നാം പ്രതി അനില്‍കുമാര്‍, അനില്‍കുമാറിന്റെ സഹോദരന്‍ അനിരുദ്ധന്‍, മറ്റൊരു ബന്ധു ഹരികുമാര്‍ എന്നിവര്‍ ഒളിവിലാണ്.
ദേശീയപാതയില്‍ കരുനാഗപ്പള്ളി ശൈഖ് മസ്ജിദിന് സമീപം വ്യാഴാഴ്ച രാവിലെ പതിനൊന്നിനായിരുന്നു അപകടത്തിലൂടെ കൊലപാതകം നടത്തിയത്. ഷീല മകന്‍ അനീഷി (25) നൊപ്പം ബൈക്കില്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി മനഃപൂര്‍വം ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ടവേര കാര്‍ ഇടിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ഇവരുടെ മകന്‍ അനീഷി(25)ന് സാരമായി പരുക്കേറ്റിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് റോഡില്‍ തെറിച്ച് വീണ ഷീലയുടെ ദേഹത്തുകൂടി കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. നിയന്ത്രണംവിട്ട കാര്‍ സൈക്കിള്‍ യാത്രക്കാരനെയും ഇടിച്ച ശേഷം നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു. വഴിയാത്രക്കാരനായ ഒരാളാണ് കാറിന്റെ നമ്പര്‍ പോലീസിനു നല്‍കിയത്. പോലീസ് ആര്‍ ടി ഒ ഓഫീസ് വഴി നടത്തിയ അന്വേഷണത്തില്‍ മരണപ്പെട്ട ഷീലയുടെ അയല്‍വാസിയായ അനില്‍കുമാര്‍ തൊടിയൂര്‍ സ്വദേശിയില്‍ നിന്ന് അടുത്തിടെ വാങ്ങിയ കാറാണ് അപകടത്തിന്ന് ഉപയോഗിച്ചതെന്ന് വ്യക്തമായി. ഇതോടെയാണ് സംഭവം ആസൂത്രിത കൊലപാതകമെന്ന് സൂചന ലഭിച്ചത്. തുടര്‍ന്ന് കരുനാഗപ്പള്ളി സി ഐ വിദ്യാധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അനില്‍കുമാറിന്റെ ഭാര്യ സിജിയുടെ പിതാവ് ശിവന്‍കുട്ടിയെ മുട്ടത്തെ വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ വാഹനാപകടം ആസൂത്രിതകൊലപാതകമാണെന്ന് ഇയാള്‍ മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു.
വാഹനം ഓടിച്ചിരുന്നത് ശിവന്‍കുട്ടിയാണ്. അപകടത്തിനു ശേഷം കാര്‍ ശിവന്‍കുട്ടിയുടെ വീട്ടില്‍ കൊണ്ടുവന്നിട്ട ശേഷം ശിവന്‍കുട്ടിയെ ഒഴിവാക്കി കാറിലുണ്ടായിരുന്ന മറ്റുള്ള മൂന്ന് പേരും എറണാകുളത്തേക്ക് പോയതായാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. സംഭവത്തിലെ മുഖ്യ പ്രതി അനില്‍കുമാറിന് ഷീലയുടെ വീടുമായി കടുത്ത ശത്രുത നില നിന്നിരുന്നു. ഷീലയുടെ മൂത്ത മകന്‍ അരുണ്‍കുമാര്‍ അനില്‍കുമാര്‍ ഗള്‍ഫിലായിരുന്നപ്പോള്‍ ഇയാളുടെ ഭാര്യ സിജിയുമായി അടുത്ത ബന്ധംപുലര്‍ത്തുകയും ഇതിന്റെ മറവില്‍ സ്വര്‍ണവും പണവും തട്ടുകയും ചെയ്തതായി പറയപ്പെടുന്നു. ഈ സംഭവം അറിഞ്ഞെത്തിയ അനില്‍കുമാര്‍ ഭാര്യയെ ഗള്‍ഫിലേക്ക് കൂട്ടികൊണ്ടുപോയി. എന്നാല്‍ ഇയാള്‍ വീണ്ടും പണം ആവശ്യപ്പെടുകയും വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിപ്പെടുത്തുകയും അശ്ലീല മെസേജുകള്‍ അയക്കുകയും ചെയ്തു. ഇതില്‍ മനം നൊന്ത് സിജി കഴിഞ്ഞ മാര്‍ച്ചില്‍ ഗള്‍ഫില്‍ വെച്ച് ജീവനൊടുക്കിയിരുന്നു.
സിജിയുടെ പിതാവ് ഇതുസംബന്ധിച്ച് അരുണ്‍കുമാറിനും കൊല്ലപ്പെട്ട ഷീലക്കും എതിരെ കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഷീലയെ ഒഴിവാക്കി കരുനാഗപ്പള്ളി പോലീസ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അരുണ്‍കുമാറിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ അരുണ്‍കുമാര്‍ ബെംഗളൂരുവില്‍ ജോലി ചെയ്തുവരികയാണ്.
ഗള്‍ഫിലായിരുന്ന അനില്‍കുമാര്‍ സഹോദരിയുടെ മകന്റെ വിവാഹത്തിനായി അടുത്തിടെയാണ് നാട്ടില്‍ എത്തിയത്. മരിച്ച ഭാര്യയുടെ വീട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് സിജിയുടെ മരണത്തിന് ഉത്തരവാദികളായവരെ കുടുംബത്തോടെ വകവരുത്തുവാന്‍ പദ്ധതിയിടുകയായിരന്നുവെന്ന് പോലീസ് സംശയിക്കുന്നു. അതേസമയം, ബെംഗളൂരുവില്‍ വെച്ച് സമാനമായ അപകടം അരുണ്‍കുമാറിനും ഉണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ഇതും പോലീസ് അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിടിയിലായ ശിവന്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest