ഹോങ്കോംഗ് പ്രക്ഷോഭങ്ങള്‍ക്ക് ഫണ്ട് നല്‍കുന്ന ജിമ്മി ലായി അറസ്റ്റില്‍

Posted on: December 13, 2014 4:55 am | Last updated: December 12, 2014 at 11:07 pm

ഹോങ്കോംഗ്: ചൈനയുടെ കടുത്ത വിമര്‍ശകനും ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നവരില്‍ പ്രമുഖനുമായ പ്രസാധക രാജാവ് ജിമ്മി ലായി അറസ്റ്റില്‍. പ്രക്ഷോഭക മേഖല വിടാന്‍ അദ്ദേഹത്തിന് പോലീസ് നല്‍കിയ അന്ത്യശാസനം അവഗ ണിച്ചതോടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആപ്പിള്‍ ഡെയ്‌ലി ദിനപത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയ ജിമ്മി തത്സ്ഥാനം രാജിവെക്കുകയും ചെയ്തു. നഗരത്തില്‍ നിന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ 250 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പൂര്‍ണമായി ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രണ്ട് മാസമായി തുടരുന്ന തെരുവ് പ്രക്ഷോഭം ശക്തമായി നേരിടാനും പ്രക്ഷോഭകരെ പൂര്‍ണമായി അറസ്റ്റ് ചെയ്ത് നീക്കാനുമുള്ള ദൃഢനിശ്ചയത്തിലാണ് പോലീസ്. ഇത് വകവെക്കാതെ പ്രക്ഷോഭവേദിയില്‍ നിലയുറപ്പിച്ചതോടെയാണ് ജിമ്മി ലായിയെ അറസ്റ്റ് ചെയ്തത്.
അതിനിടെ അറസ്റ്റ് ചെയ്ത ലായി അടക്കമുള്ള മുഴുവന്‍ പേരെയും മോചിപ്പിച്ചുവെന്ന് ഔദ്യോഗിക ചാനലായ ആര്‍ ടി എച്ച് കെ റിപ്പോര്‍ട്ട് ചെയ്തു. കോടിപതിയായ ലായി പ്രക്ഷോഭത്തിന് വന്‍ തോതില്‍ ഫണ്ട് ചെയ്ത് വരികയായിരുന്നു.