Connect with us

National

ഇന്ത്യ- റഷ്യ ഇരുപത് കരാറുകളില്‍ ഒപ്പുവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ആണവ മേഖലയിലേതുള്‍പ്പെടെ ഇരുപത് കരാറുകളില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു. ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി എത്തിയ റഷ്യന്‍ പ്രസിഡന്റ് വഌദമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് കരാറുകളില്‍ ഒപ്പുവെച്ചത്. സമാധാന ആവശ്യത്തിന് ആണവോര്‍ജം ഉപയോഗിക്കുന്ന മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. കരാര്‍ പ്രകാരം അടുത്ത രണ്ട് ദശാബ്ദത്തിനുള്ളില്‍ ഇന്ത്യയില്‍ പന്ത്രണ്ട് ആണവ റിയാക്ടറുകള്‍ റഷ്യ സ്ഥാപിക്കും. ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിന് പുറമെ യുറേനിയം ഖനനത്തിലും ഇന്ത്യയുമായി സഹകരിക്കുമെന്ന് പുടിന്‍ പറഞ്ഞു. കൂടംകുളത്തിനു പുറമെ റഷ്യയുടെ സഹകരണത്തോടെ നിര്‍മിക്കുന്ന രണ്ടാമത്തെ ആണവ റിയാക്ടറിനുള്ള സ്ഥലം എത്രയും പെട്ടെന്ന് കണ്ടെത്താമെന്ന് ഇന്ത്യ അറിയിച്ചു.
ആര്‍ട്ടിക് മേഖലയില്‍ നിന്ന് എണ്ണ, പ്രകൃതിവാതക പര്യവേക്ഷണത്തില്‍ റോസ്‌നെഫ്റ്റ്, ഗാസ്‌പ്രോം എന്നീ റഷ്യന്‍ കമ്പനികള്‍ ഇന്ത്യന്‍ കമ്പനികളുമായി കൈകോര്‍ക്കുമെന്നും പുടിന്‍ അറിയിച്ചു. കൂടുതല്‍ നിലവാരമുള്ള ഹെലിക്കോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ റഷ്യ തയ്യാറായതായി കൂടിക്കാഴ്ചക്കു ശേഷം നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ നരേന്ദ്ര മോദി പറഞ്ഞു.

Latest