Connect with us

National

പേറ്റന്റ് വിവാദം: ഷിയോമി ഫോണ്‍ വില്‍പ്പനക്ക് ഇന്ത്യയില്‍ വിലക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ചൈനീസ് നിര്‍മിത ഷിയോമി ഫോണുകളുടെ ഇറക്കുമതിക്കും വില്‍പ്പനക്കും നിരോധനമേര്‍പ്പെടുത്തി. പേറ്റന്റ് ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതിയാണ് ഷിയോമി വില്‍പ്പന തടഞ്ഞിരിക്കുന്നത്. എറിക്‌സണന്റെ പാറ്റന്റ് ലംഘിച്ചതിനാണ് ഷിയോമിക്കെതിരെ നടപടി. ഇതുമായി ബന്ധപ്പെട്ട് എറിക്‌സണ്‍ അയച്ച ആറ് നോട്ടീസുകള്‍ക്കും ഷിയോമി മറുപടി നല്‍കാത്തതന് അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മതിയായ കാരണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 2007ലെ ഐ പി ആര്‍ നിയമമനുസരിച്ച് ഇറക്കുമതി തടയണമെന്ന് കസ്റ്റം ഓഫീസര്‍മാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഷിയോമിയുടെ ഓഫീസില്‍ പരിശോധന നടത്താനും ഉത്തരവുണ്ട്. കഴിഞ്ഞ ദിവസമാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

വില്‍പ്പന, പരസ്യം ചെയ്യല്‍, നിര്‍മാണം, ഇറക്കുമതി തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇ കൊമേഴ്‌സ് പോര്‍ട്ടലായ ഫഌപ്പ് കാര്‍ട്ട് വഴിയാണ് ഷിയോമി ഫോണുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്നത്. ഷിയോമിയുടെ റെഡ് മി വണ്‍ എസ്, റെഡ് മി നോട്ട് മോഡലുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വന്‍ പ്രതികരണം ലഭിച്ചിരുന്നു. വില്‍പ്പനക്ക് എത്തിച്ച് സെക്കന്‍ഡുകള്‍ക്കകം ലക്ഷക്കണക്കിന് ഫോണുകളാണ് വിറ്റുപോയിരുന്നത്. ചുരുങ്ങിയ വിലക്ക് കൂടുതല്‍ ഫീച്ചേഴ്‌സ് എന്നതാണ് ഷിയോമിക്ക് വിപണിയില്‍ മേല്‍ക്കൈ നല്‍കിയത്.

അതേസമയം, മൈക്രോമാക്‌സ്, ജിയോണി, ഇന്റക്‌സ് എന്നീ കമ്പനികള്‍ക്കെതിരെയും എറിക്‌സണ്‍ പാറ്റന്റ് ലംഘനത്തിന് നിയമവ്യവഹാരത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ കമ്പനികള്‍ക്കൊന്നും ഷിയോമിക്കെതിരെ പുറപ്പെടുവിച്ചതുപ്രകാരമുള്ള ന്‍ജക്ഷന്‍ ഓര്‍ഡര്‍ കോടതി പുറപ്പെടുവിച്ചിട്ടില്ല.

ഷിയോമി ഫോണുകള്‍ നേരത്തെയും വിവാദത്തില്‍ അകപ്പെട്ടിരുന്നു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഷിയോമി ചൈനീസ് അധികൃതര്‍ക്ക് ചോര്‍ത്തി നല്‍കുന്നതായി ഇന്ത്യന്‍ വ്യോമസേനയാണ് കണ്ടെത്തിയിരുന്നത്.
ഷിയോമി ഫോണുകള്‍ ഉപഭോക്താക്കളുടെ അനുമതി കൂടാതെ ചൈനീസ് കമ്പനിക്ക് വിവരങ്ങള്‍ അയച്ചുനല്‍കുന്നതായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ റെസ്‌പോണ്‍സ് ടീമും കണ്ടെത്തിയിരുന്നു.

Latest