Connect with us

Kozhikode

നില്‍പ്പ് സമരത്തിന് പിന്തുണയുമായി പ്രകടനം

Published

|

Last Updated

കോഴിക്കോട്: ജില്ലയില്‍ സര്‍ക്കാര്‍ തലത്തിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും മനുഷ്യാവകശദിനം ആചരിച്ചു. പൊതു സമൂഹത്തിലും ജയിലുകളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതിനെ കുറിച്ച് നിയമ വിദ്യാര്‍ഥികള്‍ ബോധവാന്മാരായിരിക്കണമെന്ന് സബ് ജഡ്ജി ആര്‍ എല്‍ ബൈജു അഭിപ്രായപ്പെട്ടു.
സാമൂഹികനീതി വകുപ്പും ഗവ. ലോ കോളജ് എന്‍ എസ് എസ് യൂനിറ്റും മനുഷ്യാവകാശ ദിനത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സെമിനാര്‍ ലോ കോളജ് പ്രിന്‍സിപ്പല്‍ കെ ആര്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ ആര്‍ ബിജു പ്രസംഗിച്ചു.
പ്രസംഗമത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് എച്ച് എസ് എസിലെ എം ആതിര, കെ ആര്‍ ഗോപിക, ജെ ഡി ടി എച്ച് എസിലെ സുജിത് സുനില്‍ എന്നിവര്‍ വിജയികളായി.
പ്രബന്ധമത്സരത്തില്‍ എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് എച്ച് എസ് എസിലെ സന്ധ്യ, ജോയല്‍ ജ്യോതിസ് ജോം, എം ആതിര വിജയികളായി. കലക്ടറേറ്റില്‍ ജീവനക്കാര്‍ മനുഷ്യാവകാശ പ്രതിജ്ഞയെടുത്തു. എ ഡി എം. കെ രാധാകൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തിരുവനന്തപുരത്ത് നടക്കുന്ന ആദിവാസികളുടെ നില്‍പ്പ് സമരത്തിന് പിന്തുണ അറിയിച്ച് നഗരത്തില്‍ കോഴിക്കോടന്‍ പൗരാവലിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. മാസങ്ങളായി സമരം നടത്തുന്നവര്‍ക്ക് മനുഷ്യാവകശ പരിഗണന നല്‍കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പ്രകടനത്തിന് സിവിക് ചന്ദ്രന്‍ നേതൃത്വം നല്‍കി.
ചുംബന സമരം നടത്തിയവരെ തല്ലിച്ചതച്ച നടപടിയില്‍ പ്രതിഷേധിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതിയബസ്സ്റ്റാന്റ് പരിസരത്ത് വായമൂടിക്കെട്ടി പ്രടനം നടത്തി. ശ്രീചേതനയുടെ ആഭിമുഖ്യത്തില്‍ പെണ്‍കൂട്ട് എന്ന പേരില്‍ ബീച്ചില്‍ ചിത്രം വരച്ച് മനുഷ്യാവകാശ ദിനം ആചരിച്ചു.