പള്ളിയിലെ വെടിവെപ്പ്: ചേളാരി വിഭാഗക്കാരായ ആറ് പേര്‍ക്ക് തടവ്

Posted on: December 11, 2014 12:20 am | Last updated: December 11, 2014 at 12:20 am

വടകര: ചേളാരി വിഭാഗക്കാരുടെ നിയന്ത്രണത്തിലുള്ള പള്ളിയിലെ വെടിവെപ്പ് കേസില്‍ ആറ് പേരെ കോടതി ശിക്ഷിച്ചു. നരിപ്പറ്റ കണ്ടോത്ത്കുനി സി പി മുക്കില്‍ ചേളാരി വിഭാഗം സുന്നികളുടെ നിയന്ത്രണത്തിലുള്ള പള്ളിയിലെ വെടിവെപ്പ് കേസിലാണ് നരിപ്പറ്റ രയരപ്പന്‍കണ്ടി ആര്‍ കെ കുഞ്ഞബ്ദുല്ല ഹാജി (71), മക്കളായ റഫീഖ് (40), പി കെ അലി എന്ന മുഹമ്മദലി (46), ചാലുപറമ്പത്ത് പരിയയി ഹാജി (70), ചാലു പറമ്പത്ത് ബശീര്‍ (40), ചാലു പറമ്പത്ത് സി പി കുഞ്ഞമ്മദ് (72), കാണംകണ്ടി റഹീം (45) എന്നിവരെ വടകര അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് അനില്‍ കെ ഭാസ്‌കരന്‍ ശിക്ഷിച്ചത്.
ഒന്നാം പ്രതി ആര്‍ കെ കുഞ്ഞബ്ദുല്ല ഹാജിക്ക് കൊലപാതക ശ്രമത്തിന് ആറ് വര്‍ഷം കഠിന തടവും, അന്യായക്കാരനായ രയരമ്മല്‍കണ്ടി ഇബ്‌റാഹീമിനെ സംഘം ചേര്‍ന്ന് അടിച്ചു പരുക്കേല്‍പ്പിച്ചതിന് രണ്ട് വര്‍ഷം വീതം കഠിന തടവും, ലൈസന്‍സില്ലാത്ത തോക്ക് കൈവശം വെച്ചതിന് ആംഡ് ആക്ട് പ്രകാരം മൂന്ന് വര്‍ഷം വരെ കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴ സംഖ്യ അന്യായക്കാരന് നല്‍കാനും കോടതി ഉത്തരവിട്ടു. രണ്ട് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ക്ക് ഐ പി സി 143 പ്രകാരം ഒരു വര്‍ഷം കഠിന തടവും 323 ാം വകുപ്പ് പ്രകാരം ആറ് മാസം കഠിനതടവുമാണ് ശിക്ഷ.
2001 ഡിസംബര്‍ 16ന് ചെറിയ പെരുന്നാള്‍ ദിവസം പള്ളിയിലെ പണപ്പിരിവിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനിടയിലാണ് രയരമ്മല്‍കണ്ടി ഇബ്‌റാഹീം എന്നയാളെ വെടിവെച്ചു കൊല്ലാന്‍ ശ്രമിക്കുകയും സംഘം ചേര്‍ന്ന് മര്‍ദിക്കുകയും ചെയ്തത്. സംഭവം നടന്ന് പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് വിധി. കുറ്റിയാടി സി ഐയായിരുന്ന ബാലകൃഷ്ണനാണ് കേസ് അന്വേഷിച്ചത്. ഒന്നാം പ്രതിയില്‍ നിന്ന് വെടിവെക്കാനുപയോഗിച്ച റിവോള്‍വറും തിരയും പോലീസ് കണ്ടെത്തുകയും ഒന്നാം പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി പി എം റഹ്മാന്‍, അഡ്വ. വി ആലി എന്നിവര്‍ ഹാജരായി.