Connect with us

International

തടവുപുള്ളികള്‍ വിധേയരായത് കേട്ടാല്‍ ഭയപ്പെടുന്ന കൊടും പീഡനങ്ങള്‍ക്ക്‌

Published

|

Last Updated

വാഷിംഗ്ടണ്‍: 2011ല്‍ ലോക വ്യാപാര കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയ നൂറുകണക്കിന് പേരെ കേട്ടാല്‍ ഭയപ്പെടുന്ന കൊടും പീഡനങ്ങള്‍ക്ക് വിധേയമാക്കിയ തെളിവുകള്‍ പുറത്തുവന്നു. വൈറ്റ്ഹൗസിനും അമേരിക്കയിലെ പൊതുജനങ്ങള്‍ക്കും സി ഐ എ കൈമാറിയ റിപ്പോര്‍ട്ടില്‍ ഉള്ളതിനേക്കാള്‍ ഭീകരമായിരുന്നു യഥാര്‍ഥ പീഡനങ്ങളെന്ന് വ്യക്തമായിട്ടുണ്ട്. നീതിപീഡത്തിന്റെ ഒരു രേഖയിലും കാണാത്ത കൊടും പീഡനങ്ങളാണ് സി ഐ എ തടവുകാര്‍ക്ക് മേല്‍ പ്രയോഗിച്ചിരുന്നത്. വീഡിയോ ദൃശ്യങ്ങള്‍ ഇതിന് കൃത്യമായ തെളിവായി കാണിക്കപ്പെടുന്നു.
നിരീക്ഷിക്കാന്‍ ആളില്ലാത്ത രഹസ്യമായ സ്ഥലത്ത്, തടവുകാരനെ ഒരു രാത്രി മുഴുവനും തണുത്തുറഞ്ഞ തറയില്‍ ചങ്ങല കൊണ്ട് ബന്ധിച്ച് കിടത്തി ക്രൂരമായി കൊലപ്പെടുത്തിയ സംഭവങ്ങള്‍ ചോദ്യം ചെയ്യലെന്ന പേരില്‍ അരങ്ങേറി. ദിവസങ്ങളോളം ഒരു നിമിഷം പോലും ഉറങ്ങാന്‍ അനുവദിക്കാതെയായിരുന്നു പലപ്പോഴും ചോദ്യം ചെയ്യല്‍. ഇവരെ തലക്ക് മുകളില്‍ കൈകള്‍ ബന്ധിച്ചോ പെട്ടികള്‍ക്കുള്ളില്‍ അടച്ചോ ദിവസങ്ങളോളം താമസിപ്പിച്ചിരുന്നു. മറ്റു ചില സംഭവങ്ങളില്‍, തടവുകാരനെ കൈകള്‍ ചങ്ങല കൊണ്ട് ബന്ധിച്ച് പൂര്‍ണമായ ഇരുട്ടുള്ള മുറികളില്‍ ഒറ്റക്ക് പ്രവേശിപ്പിക്കുകയും വളരെ ഉയര്‍ന്ന ശബ്ദങ്ങള്‍ മുറിയിലേക്ക് കടത്തിവിട്ടും പീഡനം നടത്തി. ഇവര്‍ക്ക് ആകെ ഉപയോഗിക്കാന്‍ നല്‍കിയിരുന്നത് ഒരു ബക്കറ്റ് മാത്രവും. പല തടവുകാരെയും നഗ്നരാക്കി കോണിപ്പടികള്‍ മുകളിലേക്കും താഴേക്കും വലിച്ചിഴച്ചു. ഇതോടൊപ്പം കൊടിയ മര്‍ദനവും. വാട്ടര്‍ബോര്‍ഡിംഗ് എന്ന ശിക്ഷാ രീതിയാണ് ഇവയില്‍ ഏറ്റവും ക്രൂരമായത്. തടവുപുള്ളികളെ കൈകാലുകള്‍ ബന്ധിപ്പിച്ച ശേഷം മലര്‍ത്തിക്കിടത്തി മുഖം നേര്‍ത്ത തുണി ഉപയോഗിച്ച് മറച്ച ശേഷം മുഖത്തേക്ക് ദീര്‍ഘനേരം വെള്ളം ഒഴിക്കുന്ന നടപടിയാണ് ഇത്. ഇതിന് വിധേയരായ ചില തടവുകാര്‍ മണിക്കൂറുകളോളം ബോധരഹിതരായതും പിന്നീട് ഡോക്ടര്‍മാര്‍ എത്തിയാണ് ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
സഊദിക്കാരനായ അബൂ സുബൈദാബിനെ തുടര്‍ച്ചയായി രണ്ടര മണിക്കൂര്‍ വരെ ഈ ക്രൂരമായ പീഡനത്തിനിരയാക്കി. 17 ദിവസം തുടര്‍ച്ചയായി സി ഐ എ ഈ പീഡനം ഇദ്ദേഹത്തിനെതിരെ പ്രയോഗിച്ചു. ഖാലിദ് ശൈഖ് മുഹമ്മദ് എന്ന മറ്റൊരു തടവുകാരനെ ഒരു വര്‍ഷത്തിനിടെ 183 പ്രാവശ്യം വാട്ടര്‍ബോഡിനു വിധേയനാക്കി. വെള്ളത്തില്‍ മുക്കിക്കൊല്ലുന്നതിന് സമാനമായ ശിക്ഷാ രീതിയാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു. പലപ്പോഴും തടവുകാര്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യങ്ങളും ഉണ്ടായി.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം സി ഐ എക്കെതിരെ ശക്തമായ വിമര്‍ശമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

Latest