മാവോയിസ്റ്റുകള്‍: മലയോരത്ത് ജാഗ്രതാ നിര്‍ദേശം

Posted on: December 10, 2014 10:21 am | Last updated: December 10, 2014 at 10:21 am

താമരശ്ശേരി: വയനാട് വെള്ള മുണ്ടയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ടും തമ്മില്‍ വെടി വെപ്പ് നടന്ന സാഹചര്യത്തില്‍ മലയോരത്ത് ജാഗ്രതാ നിര്‍ദേശം. മാവോയിസ്റ്റുകള്‍ക്കായി നേരത്തെ തിരച്ചില്‍ നടന്ന പ്രദേശങ്ങളിലെ വനപാലകര്‍ക്കും മലയോര മേഖലയിലെ പോലീസ് സ്റ്റേഷനുകളിലുമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
കോഴിക്കോട് റൂറല്‍ ഏരിയയിലെ വനമേഖലയോടടുത്ത സ്റ്റേഷനുകളില്‍ പാറാവ് ഡ്യൂട്ടിക്ക് പിസ്റ്റളുകള്‍ക്ക് പകരം തോക്ക് നല്‍കിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ എപ്പോഴും സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടാകണമെന്നും ഏതു സാഹചര്യങ്ങളേയും നേരിടാന്‍ തയ്യാറായിരിക്കണമെന്നും നിര്‍ദേശമുണ്ട്.
നേരത്തെ മാവോവാദികള്‍ക്കായി തണ്ടര്‍ ബോള്‍ട്ട് പരിശോധന നടത്തിയ പുതുപ്പാടി കൊളമല, കുറുമരുകണ്ടി ആദിവാസി കോളനി, മട്ടിക്കുന്ന്, കോടഞ്ചേരി തുഷാരഗിരി വനമേഖല, തിരുവമ്പാടിയേയും നിലമ്പൂരിനേയും ബന്ധിപ്പിക്കുന്ന വനാതിര്‍ത്തി എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കാനാണ് വനപാലര്‍ക്ക് നിര്‍ദേശം നല്‍കിയത്.