ബി ജെ പി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ 14 പേര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവ്‌

Posted on: December 10, 2014 5:19 am | Last updated: December 9, 2014 at 11:20 pm

കോഴിക്കോട്: മുസ്‌ലിംലീഗ് നേതാവ് പി വി അബ്ദുല്‍ വഹാബിന്റെ കാര്‍ ഷോറൂമും പോലീസിനെയും ആക്രമിച്ച കേസില്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് പി രഘുനാഥ് ഉള്‍പ്പെടെ 14 പേര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും 12, 200 രൂപ പിഴയും. വഹാബിന്റെ ചെറുവണ്ണൂരിലെ ഇന്‍ഡസ് മോട്ടോഴ്‌സ് മാരുതി കാര്‍ വില്‍പ്പനകേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി അക്രമം നടത്തിയ കേസിലാണ് ബി ജെ പി പ്രവര്‍ത്തകരെ എരഞ്ഞിപ്പാലം സ്‌പെഷ്യല്‍ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. ബി ജെ പി ജില്ലാ പ്രസിഡന്റ് രഘുനാഥിന്റെ പ്രസംഗമാണ് അക്രമത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിച്ചതെന്ന് പ്രോസിക്യൂഷന്റെ വാദം കോടതി ശരിവെച്ചു. പത്ത് പേരെ സംശയത്തിന്റെ ആനൂകൂല്യത്തി ല്‍ വിട്ടയച്ചു.

രഘുനാഥിനെ കൂടാതെ പ്രവര്‍ത്തകരായ എം പി രാമദാസ്, കെ രാമകൃഷ്ണന്‍, ടി റിജേഷ്, പി ഉമേഷ്, കെ രാജേഷ്, മണിക്കുട്ടന്‍, റിജിലേഷ്, ആനന്ദന്‍, സുധീഷ്, എ കെ രതീഷ്, കെ രാജേഷ്, പ്രയോഷ്‌കുമാര്‍, സിന്ധു കൃഷ്ണ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികള്‍ക്കെതിരെ അന്യായമായി സംഘം ചേരല്‍, അതിക്രമിച്ച് നാശനഷ്ടം വരുത്തല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പോലീസിനെ മാരകമായി ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കുറ്റങ്ങള്‍ ശരിവെച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രജീഷ്, പ്രജീഷ്, സുജീഷ്, സി പി സതീശന്‍, സിപിന്‍, എം പി അരുണ്‍, പ്രദീഷ്, ടി കെ ധനീഷ്, ദീപക്, നിധീഷ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്. ആകെ 27 പ്രതികളുള്ള കേസില്‍ വി വി രാജേഷ്, എം എം ലിജീഷ് എന്നീ പ്രതികള്‍ ഒളിവിലാണ്. ഒരു പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. തടവിന് വിധിക്കപ്പെട്ട പ്രതികളെ പിന്നീട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. വിചാരണാ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതികളുടെ തീരുമാനം.
2012 ജുലൈ 16നാണ് കേസിനാസ്പദമായ സംഭവം. പി വി അബ്ദുല്‍ വഹാബിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡസ് മോട്ടോഴ്‌സിന്റെ കൈവശമുള്ള ചെറുവണ്ണൂരിലെ മാരുതി വില്‍പ്പന കേന്ദ്രം സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് ആരോപിച്ച് ബി ജെ പിക്കാര്‍ മാര്‍ച്ച് നടത്തുകയായിരുന്നു. മാര്‍ച്ചിനിടെ വില്‍പ്പന കേന്ദ്രത്തില്‍ അതിക്രമിച്ച് കയറി അടിച്ചുതകര്‍ക്കുകയും തടയാനെത്തിയ പോലീസിനെ ആക്രമിക്കുകയുമായിരുന്നു.