പക്ഷിപ്പനി; അതിര്‍ത്തി പ്രദേശത്ത് വാഹനങ്ങള്‍ അണുവിമുക്തമാക്കുന്നു

Posted on: December 9, 2014 12:29 pm | Last updated: December 9, 2014 at 12:29 pm

bird-fluമണ്ണാര്‍ക്കാട്: കേരളത്തില്‍ പക്ഷിപ്പനി ഭീതി ഒഴിയാത്ത സഹചര്യത്തില്‍ അതിര്‍ത്തികളില്‍ തമിഴ്‌നാട് മൃഗ സംരക്ഷണ വകുപ്പ് വാഹനങ്ങളില്‍ അണുവിമുക്തമാക്കുന്നതിനുളള രാസ മിശ്രിതം അടിക്കാന്‍ തുടങ്ങി.
കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോവുന്ന വാഹനങ്ങളിലാണ് അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ തടഞ്ഞുനിര്‍ത്തി വാഹനത്തിന്റെ ചക്രങ്ങളില്‍ ക്ലോറിന്‍ ഡയോക്‌സൈഡ് മിശ്രിതം സ്‌പ്രെ ചെയ്ത് അണുവിമുക്തമാക്കുന്നത്.
ഇതിനായി അതിര്‍ത്തികളില്‍ പ്രത്യേകം ബൂത്തൂകള്‍ തുറന്ന് ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. വാഹനങ്ങളിലുളളവരെ ബോധവല്‍ക്കരിച്ചതിനു ശേഷമാണ് അണുവിമുക്തമാക്കല്‍ നടത്തുന്നത്.
ചക്രങ്ങള്‍ക്ക് ചുറ്റും കെമിക്കല്‍ സ്‌പ്രെ നടത്തുന്നതോടെ രോഗാണുക്കള്‍ നശിക്കുമെന്നും ഇതുവഴി പക്ഷിപ്പനി ബാധ തമിഴ്‌നാട്ടിലേക്കെത്തുന്നത് ഒരുപരിധിവരെ തടയാമെന്നുമാണ് ഇവരുടെ വിലയിരുത്തല്‍. അതിര്‍ത്തി കടന്ന് ഉടനെ തിരിച്ചു വരുന്ന വാഹനങ്ങളാണെങ്കില്‍ പോലും അണുവിമുക്തമാക്കിയതിനുശേഷമാണ് കടത്തിവിടുന്നത്.