Connect with us

Wayanad

സാമൂഹിക പ്രവര്‍ത്തകന്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് വിവാദമായി

Published

|

Last Updated

കല്‍പ്പറ്റ: സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ഉന്നതങ്ങളില്‍ സ്വാധീനിച്ച് ജീവനക്കാരെ സ്ഥലംമാറ്റുകയും ചെയ്യുന്ന വയനാട്ടിലെ “അറിയപ്പെടുന്ന” ഒരു സാമൂഹിക പ്രവര്‍ത്തകന്റെ ലീലാവിലാസങ്ങള്‍ വിവാദമാകുന്നു. സ്ഥലം മാറ്റപ്പെട്ട ഒരു സര്‍ക്കാര്‍ ജീവനക്കാരനോട്, ഒന്നര ലക്ഷം രൂപ നല്‍കിയാല്‍ പഴയ സ്ഥാനത്ത് നിയമനം തരപ്പെടുത്തി നല്‍കാമെന്ന് സാമുഹിക പ്രവര്‍ത്തകനും കൂട്ടാളിയും പറയുന്ന ഒളികാമറാ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. സാമൂഹിക പ്രവര്‍ത്തകന്‍ തന്നെയാണ് ജീവനക്കാരനെതിരേ പരാതി നല്‍കിയതെന്നാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.
പത്ര,ദൃശ്യമാധ്യമങ്ങളുടെ പേരില്‍ സാമൂഹിക പ്രവര്‍ത്തകന്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വിളിച്ച് ജീവനക്കാര്‍ക്കെതിരേ നടപടി എടുപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഒടുവില്‍, കള്ളപ്പരാതി നല്‍കി തന്നെ സ്ഥലംമാറ്റിച്ച കല്‍പ്പറ്റ സ്വദേശിക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ പി. ഡബ്ല്യൂ.ഡി റോഡ്‌സ് ഡിവിഷനിലെ ഓഫീസ് അറ്റന്‍ഡന്റ് കെ സുബ്രഹ്മണ്യന്‍ പോലീസില്‍ പരാതി നല്‍കി. ഇതിനിടെ സാമുഹിക പ്രവര്‍ത്തകനെന്ന വ്യാജേനെ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തയാറെടുക്കുന്നുണ്ട്. ജീവനക്കാര്‍ക്കെതിരേ പരാതിയുണ്ടെങ്കില്‍ അത് മേലുദ്യോഗസ്ഥരെ അറിയിച്ച് നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയാണ് വേണ്ടത്. അതിനു പകരം ഇത്തരം മാര്‍ഗങ്ങള്‍ ധനസമ്പാദത്തിനായി ദുരുപയോഗിക്കുന്നത് കര്‍ശനമായി തടയണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

Latest