രിഫാഇയ്യ കോച്ചിംഗ് സെന്ററിന് ഇത് മികവിന്റെ അംഗീകാരം

Posted on: December 9, 2014 12:21 am | Last updated: December 9, 2014 at 12:21 am

കൊടുവള്ളി: ദഫ്മുട്ട് കലക്ക് രാജ്യാന്തര പ്രചാരം നല്‍കിയ രിഫാഇയ്യ മാപ്പിള കലാ കോച്ചിംഗ് കേന്ദ്രത്തിനും ചെയര്‍മാന്‍ പുത്തൂര്‍ കൊയിലാട്ട് കുഞ്ഞിസീതിക്കോയ തങ്ങള്‍ക്കും ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാരം മികവിനുള്ള അംഗീകാരമായി. കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2014 വര്‍ഷത്തെ യുവ നാടന്‍കലാ പുരസ്‌കാരത്തിനാണ് കൊയിലാട്ട് സയ്യിദ് കുഞ്ഞിസീതിക്കോയ തങ്ങള്‍ (ദഫ്മുട്ട്) അര്‍ഹനായത്. ഈമാസം 29ന് പാലക്കാട്ട് വെച്ച് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി അവാര്‍ഡ് സമ്മാനിക്കും.
പ്രശസ്ത ദഫ് കലാകാരനും കുത്ത്‌റാത്തീബ് ഗുരുവര്യരുമാണ് കുഞ്ഞിസീതിക്കോയ തങ്ങള്‍. മാപ്പിള കലാരൂപങ്ങളുടെ അഭ്യാസത്തിനും അവതരണത്തിനുമായി കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്നതും കേരള ഫോക്‌ലോര്‍ അക്കാദമി അംഗീകാരമുള്ളതുമാണ് കേരള സ്റ്റേറ്റ് മാപ്പിള കലാ കോച്ചിംഗ് (രിഫാഇയ്യ കലാമിസമിതി). കഴിഞ്ഞ 15 വര്‍ഷമായി ആകാശവാണി നടത്തുന്ന ഓണാഘോഷം, ഈദ് സോഷ്യല്‍ തുടങ്ങിയ വിശേഷാല്‍ സ്റ്റേജ് പരിപാടികളിലും തനത് ദഫ്മുട്ട് അവതരിപ്പിച്ചുവരുന്നുണ്ട്. ഏര്‍വാടി, നാഗൂര്‍, അജ്മീര്‍ എന്നിവിടങ്ങളിലും കേരളത്തിലെ പ്രശസ്ത ദര്‍ഗകളിലും മഖാമുകളിലും ദഫ് പ്രോഗ്രാമുകളിലും കുത്ത്‌റാത്തീബ് എന്ന അപൂര്‍വ്വ ദഫ് പരിപാടിയും സംഘാംഗങ്ങളോടൊപ്പം നടത്തിവരുന്നു.
കേരളത്തില്‍ അങ്ങിങ്ങായി അദ്ദേഹത്തിന് ഈ രംഗത്ത് ഒട്ടേറെ ശിഷ്യഗണങ്ങളുണ്ട്. കേരള മാപ്പിള കലാ കോച്ചിംഗ് സെന്റര്‍ 1998 ല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍വെച്ച് നടത്തിയ സംസ്ഥാനതല ദഫ്മുട്ട് മത്സരത്തില്‍ രിഫാഇയ്യ സംഘം ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരുന്നു.