മന്ത്രി എല്‍ എന്‍ മിശ്ര വധം: 39 വര്‍ഷത്തിന് ശേഷം വിധി

Posted on: December 9, 2014 12:16 am | Last updated: December 9, 2014 at 12:16 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായ ലളിത് നാരായണ്‍ മിശ്രയെ ബോംബ് സ്‌ഫോടനത്തില്‍ കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ കുറ്റക്കാരാണെന്ന് ജില്ലാ ജഡ്ജി വിനോദ് ഗോയല്‍ കണ്ടെത്തി. 39 വര്‍ഷം മുമ്പ് 1975ല്‍ നടന്ന കേസിലെ പ്രതികള്‍ ആനന്ദമാര്‍ഗ് പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരാണ്.
ഗോപാല്‍ജി, രഞ്ജന്‍ ദ്വിവേദി, സന്തോഷാനന്ദ് അവദൂത്, സുദേവാനന്ദ അവദൂത് എന്നിവരാണ് കേസിലെ പ്രതികള്‍. സമസ്തിപൂര്‍- മുസാഫര്‍പൂര്‍ ബ്രോഡ്‌ഗേജ് റെയില്‍വേ ലൈനിന്റെ ഉദ്ഘാടനത്തിനായി 1975 ജനുവരി രണ്ടിന് സമസ്തിപൂരിലെത്തിയപ്പോഴാണ് മിശ്രക്ക് നേരെ ബോംബ് സ്‌ഫോടനമുണ്ടായത്. വേദിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമാം വിധം പരുക്കേറ്റ മിശ്രയെ ദാനാപൂരിലെ റെയില്‍വെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം അദ്ദേഹം മരണപ്പെടുകയായിരുന്നു.