Connect with us

National

വിദ്വേഷ പ്രസംഗം: സഭാ നടത്തിപ്പില്‍ ഇരുപക്ഷവും ഒത്തുതീര്‍പ്പില്‍

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന ജ്യോതിയുടെ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്നുള്ള പ്രതിപക്ഷ പ്രക്ഷോഭം രാജ്യസഭയില്‍ അവസാനിച്ചു. രാവിലെ സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളം കാരണം ഉച്ചക്ക് മുമ്പ് രണ്ട് തവണ രാജ്യസഭ നിര്‍ത്തിവെച്ചിരുന്നു. പ്രശ്‌നപരിഹാരത്തിന് സഭാധ്യക്ഷന്‍ ഹാമിദ് അന്‍സാരിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിക്കുകയും സര്‍ക്കാറും പ്രതിപക്ഷവും ധാരണയിലെത്തുകയുമായിരുന്നു. തുടര്‍ന്ന് അധ്യക്ഷന്‍ സഭയില്‍ പ്രസ്താവന നടത്തി.
കഴിഞ്ഞ നാലാം തീയതി പ്രസ്തുത വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തിയ പശ്ചാത്തലത്തില്‍ പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ വിജയകരമായ പ്രവര്‍ത്തനത്തിനും ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും പൊതുജീവിതത്തില്‍ സംസ്‌കാരം പരിപാലിക്കാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളോടും അംഗങ്ങളോടും ആവശ്യപ്പെടുകയാണെന്ന് ഹാമിദ് അന്‍സാരി ചൂണ്ടിക്കാട്ടി. അധ്യക്ഷന്റെ പ്രസ്താവനക്ക് ശേഷം സുഗമമായി പ്രവര്‍ത്തിച്ച രാജ്യസഭയില്‍ നാല് ചോദ്യങ്ങള്‍ പരിഗണിച്ചു. രാവിലെ സഭ മേളിച്ചയുടനെ പ്രസംഗത്തിനെതിരെ പ്രമേയവുമായി പ്രതിപക്ഷം രംഗത്തെത്തി. ചെയറിന്റെ സമ്മതം കൂടാതെ പ്രമേയം അവതരിപ്പിക്കാന്‍ സാധിക്കില്ലെന്ന് ട്രഷറി ബഞ്ച് കര്‍ശന നിലപാടെടുത്തു. സംയുക്ത പ്രമേയം പാസ്സാക്കണമെന്ന് ഒമ്പത് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ശൂന്യവേളയുമായി ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ മുന്നോട്ടുപോകാന്‍ തുനിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. തുടര്‍ന്നുണ്ടായ ബഹളം കാരണം ഉച്ചവരെ സഭ നിര്‍ത്തിവെക്കുകയായിരുന്നു.
രാവിലെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനെ കണ്ടിരുന്നു. സഭ തടസ്സപ്പെടുന്നതിന് പരിഹാരം കാണാന്‍ അരുണ്‍ ജയ്റ്റ്‌ലി, വെങ്കയ്യ നായിഡു, രാജ്‌നാഥ് സിംഗ്, രവിശങ്കര്‍ പ്രസാദ് തുടങ്ങിയ ബി ജെ പി നേതാക്കളും സ്പീക്കറെ കണ്ടു. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളോട് അനുകൂല നിലപാടാണ് തങ്ങള്‍ക്കെന്ന് പാര്‍ലിമെന്ററികാര്യ സഹമന്ത്രി അബ്ബാസ് നഖ്‌വി പറഞ്ഞിരുന്നു. സുഗമമായ സഭാ നടത്തിപ്പിന് എല്ലാ അംഗങ്ങളും സഹകരിക്കണമെന്ന് പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു അഭ്യര്‍ഥിച്ചിരുന്നു.