പട്ടിക വിഭാഗത്തോട് മാന്യമായി പെരുമാറണമെന്ന് പോലീസിന് നിര്‍ദേശം

Posted on: December 9, 2014 12:05 am | Last updated: December 9, 2014 at 12:05 am

തിരുവനന്തപുരം: സ്റ്റേഷനിലെത്തുന്ന പട്ടിക ജാതി, വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരോട് മാന്യമായി പെരുമാറണമെന്ന് പോലീസിന് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം. എല്ലാ സ്റ്റേഷനുകളിലും എസ് സി, എസ് ടി മോണിറ്ററിംഗ് യോഗങ്ങള്‍ പ്രതിമാസം സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സി ഐ മാരുടെ മേല്‍നോട്ടത്തിലാണ് യോഗങ്ങള്‍ നടക്കേണ്ടത്. ഇതില്‍ വീഴ്ച വരാന്‍ പാടില്ല. പട്ടിക ജാതി-വര്‍ഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ആദിവാസികള്‍ സ്റ്റേഷനിലെത്തിയാല്‍ ഇരിക്കാന്‍ കസേര നിര്‍ബന്ധമായും നല്‍കണം. പോലീസുകാര്‍ തന്നെ പരാതി എഴുതിയെടുക്കണം. വനിതകളുടെ പരാതി വനിതാ പോലീസുകാര്‍ നേരിട്ട് കേള്‍ക്കണം. ആദിവാസി, ദലിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നീതി ഉറപ്പാക്കാനും എസ് എച്ച് ഒമാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കഠിനംകുളത്ത് പൊലീസ് പീഡനത്തിന് ഇരയായ ദലിത് യുവാവിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കും. സംഭവത്തിന് ഉത്തരവാദിയായ എസ് ഐ യെ സസ്‌പെന്‍ഡ് ചെയ്തു.