അധ്യാപക പുനര്‍വിന്യാസം; നിര്‍ദേശങ്ങള്‍ മന്ത്രിസഭ പരിഗണിക്കും

Posted on: December 9, 2014 12:05 am | Last updated: December 9, 2014 at 12:05 am

തിരുവനന്തപുരം: തസ്തിക നിര്‍ണയത്തില്‍ അധികമായി കണ്ടെത്തി അധ്യാപക ബേങ്കിലുള്‍പ്പെടുത്തിയ അധ്യാപകരുടെ പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങള്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ഉന്നയിക്കപ്പെട്ടെങ്കിലും വിശദമായ ചര്‍ച്ചക്കായി മാറ്റുകയായിരുന്നു. അധികമായി കണ്ടെത്തിയ അധ്യാപകരെ വിവിധ വകുപ്പുകളിലായി പുനര്‍വിന്യസിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുമായി വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ച നടത്തിയിരുന്നു.
അധ്യാപക സംഘടനകള്‍ പുനര്‍വിന്യാസത്തിനെതിരെ രംഗത്തെത്തിയ സാഹചര്യത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കിയുള്ള പുനര്‍വിന്യാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കായിക,കലാരംഗത്തെ ബാധിക്കാത്ത തരത്തിലായിരിക്കും പുനര്‍വിന്യാസമെന്ന് ഉറപ്പുവരുത്തും. ഇതോടൊപ്പം, കുട്ടികള്‍ കുറഞ്ഞതിനെത്തുടര്‍ന്ന് ഡിവിഷനുകള്‍ വെട്ടിച്ചുരുക്കിയപ്പോള്‍ അധികമായ അധ്യാപകരെ പുന:ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ടും അധ്യാപക സംഘടനകള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.
പുനര്‍ക്രമീകരണം നടക്കാത്തതിനാല്‍ ചില സ്‌കൂളുകളില്‍ അധ്യാപകര്‍ അധികമുള്ളപ്പോള്‍ മറ്റു സ്‌കൂളുകളില്‍ ആവശ്യത്തിന് അധ്യാപകരില്ലാത്ത അവസ്ഥയുണ്ട്. ഇക്കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും.