ഒബാമയുടെ കീഴില്‍ വംശീയ വിവേചനം രൂക്ഷമെന്ന് വെനിസ്വേലന്‍ പ്രസിഡന്റ്

Posted on: December 8, 2014 6:36 am | Last updated: December 8, 2014 at 1:38 pm

Nicolas-Maduro_0കാരകാസ്: അമേരിക്കയില്‍ ഒബാമയുടെ കീഴില്‍ വംശീയ വിവേചനം രൂക്ഷമായെന്ന് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനെ വെളുത്ത വര്‍ഗക്കാരനായ പോലീസ് കഴുത്ത് ഞെരിച്ച് കൊന്നിരുന്നു. ഇതിനെതിരിലുള്ള പ്രതിഷേധം നടന്ന് കൊണ്ടിരിക്കുന്നതിനിടെ വീണ്ടും കറുത്ത വര്‍ഗക്കാരനെ വെടിവെച്ച് കൊന്നിരിക്കുകയാണ്. ഇത് നാടകീയമാണ്.
എറിക് ഗാര്‍നര്‍ അറസ്റ്റിനിടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ശ്വാസം മുട്ടുന്നുവെന്ന് പറഞ്ഞെങ്കിലും പോലീസ് പിടിത്തം വിട്ടില്ല. ഇത് തീര്‍ത്തും ഹീനമായ നടപടിയാണ്. അമേരിക്കയിലെ ന്യൂനപക്ഷ വിഭാഗമായ കറുത്തവര്‍ഗക്കാര്‍ക്കെതിരെയുള്ള സൈന്യത്തിന്റെ ക്രൂരതക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തിയാളുകയാണ്. ഒബാമയുടെ വരവോടെ അമേരിക്കയില്‍ വംശീയത കൂടുതല്‍ വഷളായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒബാമയെ വ്യക്തിപരമായി ബഹുമാനിക്കുന്നുണ്ട്. പക്ഷേ അമേരിക്കയില്‍ അദ്ദേഹം മറ്റു പല ശക്തികളാലും ഭരിക്കപ്പെടുകയാണ്. കറുത്തവര്‍ക്കെതിരായ അക്രമങ്ങളൊഴിവാക്കാന്‍ വിഫലമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും മദുറോ പറഞ്ഞു.